ഇത് ഹോമൊ നലേഡി; പരിണാമ ചക്രത്തില്‍ മനുഷ്യകുലത്തിന്റെ അടുത്ത ബന്ധു

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (15:41 IST)
ലോകമെമ്പാടുമുള്ള ജീവ് വര്‍ഗം നിരന്തരമായ പരിണാമങ്ങളിലൂടെയാണ് ഇന്ന് കാണപ്പെടുന്ന രീതിയിലെത്തപ്പെട്ടത് എന്ന് ശാസ്ത്രം പറയുന്നു. നമ്മള്‍ മനുഷ്യരും ഇക്കാര്യത്തില്‍ നിന്ന് വ്യത്യസ്തരല്ല. ആധുനിക മനുഷ്യന്‍ അഥവാ ഹോമോ സാപിയന്‍സ് ഉരുത്തിരിഞ്ഞത് നിരവധി ലക്ഷം വര്‍ഷങ്ങള്‍കൊണ്ടാണ് എന്ന് ലഭ്യമായ തെളിവുകള്‍ പറയുന്നു. ആള്‍ക്കുരങ്ങില്‍ നിന്ന് ആധുനിക മനുഷ്യരിലേക്കെത്താന്‍ മനുഷ്യന്‍ ഒരുപാട് പരിണാമ പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു പരിണാമ ചക്രത്തില്‍ മനുഷ്യനോട് ഏറ്റവും അടുത്ത ബന്ധുവെന്ന് കരുതപ്പെടുന്ന ജീവിവര്‍ഗമാണ് ഹോമോ നലേഡി.

വാനരവര്‍ഗത്തിന്റെയും മനുഷ്യവര്‍ഗത്തിന്റെയും ശരീരഘടനയോടുള്ള പ്രത്യേക സാദൃശ്യമാണ് ഹോമോ നലേഡിക്കുള്ളത്. ആധുനിക മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുവായാണ് നരവംശ ശാസ്ത്രം ഈ ജീവിവര്‍ഗത്തിനെ കാണുന്നത്. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്‌ബെര്‍ഗിനടുത്തുള്ള റൈസിങ് സ്റ്റാര്‍ എന്ന ഗുഹയില്‍ നിന്നും കണ്ടെടുത്ത 1500 ഓളം എല്ലിന്‍കഷണങ്ങളാണ് നമ്മുടെ അടുത്ത ബന്ധുവിലേക്കുള്ള വെളിച്ചം ശാസ്ത്രലോകത്തിന് നല്‍കിയിരിക്കുന്നത്.

മെലിഞ്ഞ ശരീരം, ഗറിലയുടേതുപോലെ ചെറിയ മസ്തിഷ്കം, ചെറിയ പല്ലുകൾ, നീളൻ കാലുകൾ, അടിസ്ഥാന ഉപകരണങ്ങൾ നിർമിക്കാൻ ശേഷിയുള്ള തരം കൈകൾ, മനുഷ്യനെപ്പോലെ രണ്ടു കാലുകളിൽ നടന്നിരുന്നുവെന്നു സൂചിപ്പിക്കുന്ന കാൽപ്പാദവും കണങ്കാലും. കൈവിരലുകൾ വാനരവർഗങ്ങളുടേതുപോലെ വളഞ്ഞത്- തുടങ്ങിയവയാണ് ഹോമോ നലേഡിയുടെ ലക്ഷണങ്ങള്‍. ഇതിന്റെ കണ്ടെത്തല്‍ മനുഷ്യ പരിണാമ ചക്രത്തിലേക്കുള്ള നിര്‍ണായകമായ വെളിപ്പെടുത്തലാണ്. ഒരുപക്ഷെ മനുഷ്യവംശത്തിന്റെ പരിണാമചരിത്രം തിരുത്തിക്കുറിക്കാൻ പോലും പോന്ന കണ്ടുപിടുത്തം.

പുരാതന ശരീരാവശിഷ്ടങ്ങളെ കുറിച്ച് പഠനം നടത്തുന്ന നരവംശശാസ്ത്രജ്ഞന്‍ ലീ ബെര്‍ഗറിന്റെ നേതൃത്വത്തില്‍ ജോഹാനസ്ബര്‍ഗിലെ വിറ്റ്‌വാട്ടേര്‍സ്സ്രാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ സംഘമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ധനസഹായത്തോടെയാണ് ഗവേഷണം നടക്കുന്നത്. 40 മീറ്റർ ആഴത്തിലുള്ള, നന്നേ ഇടുങ്ങിയ ഇരുട്ടറകളിലേക്കു നൂഴ്ന്നിറങ്ങി ഗവേഷണസംഘത്തിലെ ആറു വനിതകളാണു ഹോമോ നലേഡിയുടെ ശരീരാവശിഷ്ടങ്ങൾ സമാഹരിച്ചു പുറത്തെത്തിച്ചത്. ആധുനിക മനുഷ്യൻ ഉൾപ്പെട്ട ഹോമോ എന്ന ജനുസ്സിലെ ആദ്യ ജീവിവർഗമായിരിക്കാം ഹോമോ നലേഡിയെന്നാണ് ഈ ഗവേഷകരുടെ നിഗമനം.

ജൊഹാനസ്ബർഗിൽനിന്ന് 50 കിലോമീറ്റർ അകലെ റൈസിങ് സ്റ്റാർ എന്ന പുരാതന ഗുഹയ്ക്ക് ദക്ഷിണാഫ്രിക്കയിലെ സെസോതോ ഭാഷയിൽ ‘നലേഡി’ എന്നാണ് പേര്. അതുകൊണ്ടാണ് പുതിയതയി കണ്ടെത്തിയ ജീവി വര്‍ഗത്തിന് ഹോമോ നലേഡി എന്ന് പേരിട്ടിരിക്കുന്നത്. ഹോമോ എന്നാല്‍ പരിണാമ ചരിത്രത്തിലെ ആധുനിക മനുഷ്യനുമായി ഏറ്റവും അടുപ്പമുള്ള  കണ്ണികളെ സൂചിപ്പിക്കുന്ന് പൊതുനാമമാണ്. ഇപ്പോള്‍ കണ്ടെത്തിയ ഫോസിലുകള്‍ സംസ്കരിക്കപ്പെട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാകാം എന്നാണു ശാസ്ത്രജ്ഞൻമാരുടെ നിഗമനം.

കുടുംബത്തോടെ ചിലപ്പോള്‍ കൊല്ലപ്പെട്ടതോ ആകാം.  അവശിഷ്ടങ്ങളേറെയും ശിശുക്കളുടേതും കൗമാരക്കാരുടേതുമാണെങ്കിലും വാർധക്യത്തിലെത്തിയ ഒരാളുടേതുമുണ്ട്. ഇനിയും ആയിരത്തിലേറെ എല്ലുകൾ ഗുഹയുടെ അടിത്തട്ടിലെ ചേറിൽ പുതഞ്ഞുകിടക്കുന്നു. ആണിന് അഞ്ചടിയും പെണ്‍വര്‍ഗത്തിന് അതില്‍ താഴെയും പൊക്കമുള്ളവരാണ് ഈ ജീവിവര്‍ഗം.


അതേസമയം പുതിയ കണ്ടെത്തലുകളെ എതിര്‍വാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. നേരത്തേ കണ്ടെത്തിയിട്ടുള്ള ഹോമോ ഇറക്ടസ് വര്‍ഗത്തിന്റെയാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള അവശിഷ്ടങ്ങളുമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഭൂമിക്കടിയിലേക്ക് പോകുന്ന ദുര്‍ഘടമായ ഗുഷയില്‍ ഇത്രയേറെ അവശിഷ്ടങ്ങള്‍ എങ്ങനെ വന്നെന്ന ചോദ്യവും അവരുയര്‍ത്തുന്നു. എന്നാല്‍ ഇത് സംസ്‌കരിക്കപ്പെട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണെന്ന് ഗവേഷക സംഘം വ്യക്തമാക്കുന്നു.

അങ്ങനെയെങ്കിൽ, ഹോമോ സാപിയൻസ് എന്ന മനുഷ്യവർഗത്തെ മറ്റു ജീവിവർഗങ്ങളിൽനിന്നു വിഭിന്നമാക്കുന്ന സവിശേഷതകളിലൊന്നിനെക്കുറിച്ച് ഇനി നമുക്കു വീമ്പു പറയാനാകില്ല. ഹോമോ നലേഡി വർഗത്തിൽപ്പെട്ടവരും മൃതദേഹങ്ങൾ കുഴിച്ചുമൂടുന്നവരായിരുന്നു എന്നാണ് ഇതില്‍ നിന്ന് വെളിവാകുന്നത്. ഏതായാലും പുതിയ കണ്ടെത്തലിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കാതോര്‍ത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ശാസ്ത്രലോകം.