ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ആണെന്ന സംശയം ശക്തം. മൊസാദും ഇസ്രായേല്‍ സൈന്യവും സംയുക്തമായി ചേര്‍ന്ന് നടത്തിയ സങ്കീര്‍ണമായ നീക്കമായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകളാണ് ഒരേസമയം രാജ്യത്തുടനീളമായി വിവിധയിടങ്ങളില്‍ വെച്ച് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 11 പേരോളം ഇതുവരെ കൊല്ലപ്പെട്ടു കഴിഞ്ഞു. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ മൊബൈല്‍ സിഗ്‌നലുകള്‍ ഉപയോഗിച്ചുകൊണ്ട് ഹിസ്ബുള്ള താവളങ്ങള്‍ കണ്ടെത്തുകയും ആക്രമണം നടത്തുകയും പതിവായതോടെയാണ് ഹിസ്ബുള്ള സംഘം സുരക്ഷിതമായ പേജറുകളിലേക്ക് കമ്മ്യൂണിക്കേഷന്‍ മാറ്റിയത്. എന്നാല്‍ ഹിസ്ബുള്ള പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചത് ലോകത്തെ അമ്പരപ്പിക്കുന്ന വാര്‍ത്തയായിരുന്നു.
ഇസ്രായേല്‍ എങ്ങനെയായിരിക്കും ഇത്തരമൊരു നീക്കം നടത്തിയത് എന്നതിനെ പറ്റിയുള്ള കൂടുതല്‍ സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് തായ്വാന്‍ കമ്പനിയില്‍ നിന്നും ഹിസ്ബുള്ള 5000 പേജറുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് ഹിസ്ബുള്ളയ്ക്ക് കൈമാറ്റം ചെയ്യുന്നതിനിടെയില്‍ കണ്ടെയ്‌നര്‍ സ്വന്തമാക്കിയ ഇസ്രായേല്‍ പേജറുകളില്‍ കുറഞ്ഞ അളഫില്‍ സ്‌ഫോടക വസ്തു നിറയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതിനോട് അനുബന്ധിച്ച് ഈ സ്‌ഫോടകവസ്തു ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനവും ചേര്‍ത്തിരുന്നു. ഹിസ്ബുള്ള പേജറുകളില്‍ ഒരേ സമയം സ്‌ഫോടകവസ്തു ആക്ടിവേറ്റ് ചെയ്യാനുള്ള മെസേജ് എത്തുകയും പേജറുകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ഹിസ്ബുള്ള പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഇസ്രായേല്‍ ഇതുവരെയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇറാനും ഹിസ്ബുള്ളയും ആക്രമണത്തിന് പിന്നില്‍ മൊസാദാണെന്നാണ് ആരോപിക്കുന്നത്.
പേജറുകളുടെ നിര്‍മാണഘട്ടത്തില്‍ തന്നെ പേജറുകളില്‍ സ്‌ഫോടകവസ്തുവടങ്ങിയ ബോര്‍ഡ് വെച്ചിരിക്കാമെന്നും ഇവയിലേക്ക് കോഡ് സന്ദേശം വന്നതോടെ പൊട്ടിത്തെറിച്ചതാകാമെന്നുമാണ് നിഗമനം. ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ആവര്‍ത്തിച്ച് ഹിസ്ബുള്ള തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു.സംഭവത്തെ ക്രിമിനല്‍ആക്രമണമെന്ന് വിശേഷിപ്പിച്ച ലെബനീസ് സര്‍ക്കാര്‍ ആക്രമണത്തെ അപലപിച്ചു. ഹിസ്ബുള്ള ആക്രമണത്തോടെ പശ്ചിമേഷ്യയിലെ യുദ്ധഭീതി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.