ഗുജറാത്ത് കലാപം: മോഡിക്കെതിരായ ഹര്‍ജി തള്ളി

Webdunia
വ്യാഴം, 15 ജനുവരി 2015 (11:36 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ഹര്‍ജി അമേരിക്കന്‍ കോടതി തള്ളി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയാണ് യുഎസ് ഫെഡറല്‍ കോടതി തള്ളിയത്. ഒരു രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയ്ക്ക് വേണ്ട നിയമപരിരക്ഷ മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കുന്നതെന്ന് ജഡ്ജി അനാലിസ ടോറസ് പറഞ്ഞു. രാഷ്ട്രത്തലവനെന്ന പരിഗണന നരേന്ദ്രമോഡിക്കുണ്ടെന്ന അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി കേസ് തള്ളിയത്.
 
യുഎസിലെ മനുഷ്യാവകാശ സംഘടനയായ അമേരിക്കന്‍ ജസ്റ്റിസ് സെന്ററാണ് മോഡിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. കലാപം നടക്കുമ്പോള്‍ മോഡിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. മോഡിയുടെ ആദ്യ അമേരിക്ക സന്ദര്‍ശനത്തിനിടെയാണ് കേസ് ഫയല്‍ ചെയ്തത്.2002 ല്‍ നടന്ന ഗുജറാത്ത് കലാപം തടയുന്നതില്‍ വീഴ്ചവരുത്തി എന്നായിരുന്നു മോഡിക്കെതിരായ ആരോപണം. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2005 ല്‍ മോഡിക്ക് അമേരിക്കന്‍ വിസ നിഷേധിച്ചിരുന്നു. 
 
മോഡിക്ക് വീസ അനുവദിക്കുന്നതിനെതിരെ യുഎസ് കോണ്‍ഗ്രസിലെ ഒരു വിഭാഗം അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് കേസ് തള്ളിയത് എന്നത് ശ്രദ്ദേയമാണ്. മോഡിയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.