അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ തലവന്‍ ജെയിംസ് കോമിയെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഫ്ബിഐ ഉത്തരവിട്ടതിനു പിന്നാലെയാണ് തലവനെ ട്രംപിന്റെ നടപടി.
ഹിലരി ക്ലിന്റെനെതിരായ ഇമെയില്‍ വിവാദത്തിന്റെ അന്വേഷണം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനാണ് കോമിയെ പുറത്താക്കുന്നതെന്നും പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. രഹസ്യന്വേഷണ ഏജൻസിയെ നയിക്കാൻ കോമി പ്രാപ്തനല്ലെന്നും, ഇതില്‍ രാഷ്‌ട്രീയമില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാനുള്ള എഫ്ബിഐയുടെ നീക്കമാണ് കോമിയുടെ കസേര തെറിക്കാൻ കാരണമെന്ന് ട്രംപിന്റെ രാഷ്ട്രീയ പ്രതിയോഗികൾ ആരോപിച്ചു. എന്നാൽ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്ന ഹിലറി ക്ലിന്‍റനുമായി ബന്ധപ്പെട്ടുള്ള ഇ മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ കോമി പരാജയപ്പെട്ടെന്നാണ് ട്രംപിന്‍റെ വിലയിരുത്തല്‍.