'പെണ്ണുങ്ങളെ തോല്‍പ്പിക്കാന്‍ ആണുങ്ങളെ അനുവദിക്കില്ല'; ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് വനിതാ കായിക ഇനങ്ങളില്‍ വിലക്ക്, ട്രംപ് ഉത്തരവില്‍ ഒപ്പിട്ടു

രേണുക വേണു

വ്യാഴം, 6 ഫെബ്രുവരി 2025 (08:32 IST)
Donald Trump: ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്കു വനിതാ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ നിരോധനം ഏര്‍പ്പെടുത്തി യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു. സുപ്രധാന ഉത്തരവിലൂടെ വനിതാ കായിക ഇനങ്ങളുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അന്ത്യം കുറിക്കുകയാണെന്ന് ഉത്തരവ് ഒപ്പിട്ടുകൊണ്ട് ട്രംപ് പറഞ്ഞു. യുഎസിലെ വനിതാ കായിക താരങ്ങള്‍ ട്രംപിന്റെ തീരുമാനത്തെ അനുകൂലിച്ചു. 
 
' വനിത കായിക താരങ്ങളുടെ അഭിമാനകരമായ പാരമ്പര്യം നമ്മള്‍ കാത്തുസൂക്ഷിക്കും. നമ്മുടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും തോല്‍പ്പിക്കാനും വഞ്ചിക്കാനും അവര്‍ക്കു മുറിവേല്‍പ്പിക്കാനും ആണുങ്ങളെ അനുവദിക്കില്ല. ഈ നിമിഷം മുതല്‍ വനിതാ കായിക ഇനങ്ങള്‍ വനിതകള്‍ക്കു മാത്രം,' ട്രംപ് പറഞ്ഞു. 
 
ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് വനിതാ ടീമില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു അധികാരം നല്‍കുന്നത് കൂടിയാണ് പുതിയ ഉത്തരവ്. 2028 ല്‍ ലോസ് ആഞ്ചലസില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിനു മുന്നോടിയായി ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകളുടെ നിയമം മാറ്റാന്‍ ഒളിംപിക്‌സ് കമ്മിറ്റിയോടു സമ്മര്‍ദ്ദം ചെലുത്തുമെന്നും ട്രംപ് പറഞ്ഞു. 
 
അധികാരത്തിലെത്തിയതിനു പിന്നാലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ ട്രംപ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം മതിയെന്നും മറ്റു ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍