അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം നികുതി ഏര്‍പ്പെടുത്തി ചൈന

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ഫെബ്രുവരി 2025 (10:58 IST)
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തി ചൈന. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെയാണ് ചൈനയും അതേനാണയത്തില്‍ തിരിച്ചടിച്ചിരിക്കുന്നത്. ചൈനയുടെ തീരുമാനം തിങ്കളാഴ്ച നിലവില്‍ വരും.
 
കൂടാതെ അമേരിക്കന്‍ കമ്പനിയായ ഗൂഗിളിനെതിരെ ചൈന അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി കുത്തക പിടിക്കാന്‍ നോക്കി എന്നതാണ് ഗൂഗിളിനെതിരായ ആരോപണം. അമേരിക്കയില്‍ നിന്ന് ഇറചെയ്യുന്ന കല്‍ക്കരിക്കും ദ്രവീകൃത പ്രകൃതി വാതകത്തിനും 15% നികുതിയാണ് ചുമത്തുന്നത്. കാറുകള്‍, എന്‍ജിനുകള്‍, അസംസ്‌കൃത എണ്ണ എന്നിവയ്ക്ക് 10% നികുതിയും ഏര്‍പ്പെടുത്തി. 
 
ഏകപക്ഷീയമായ അമേരിക്കയുടെ നികുതി ചുമത്തല്‍ ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇത് അമേരിക്കയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും ചൈനയുമായുള്ള ബന്ധം പോലും തകരാറിലാകുമെന്നും കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍