അമേരിക്കയില്‍ നിന്ന് 205 ഇന്ത്യക്കാരെ നാടുകടത്തി; അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 ഫെബ്രുവരി 2025 (11:37 IST)
അമേരിക്കയില്‍ നിന്ന് 205 ഇന്ത്യക്കാരെ നാടുകടത്തി. അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടു. അനധികൃതമായി അമേരിക്കയില്‍ കുടിയേറിയവരെ നാടുകടത്തുന്നതിന്റെ ഒന്നാം ഘട്ടത്തിലാണ് 205 പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ അമേരിക്കയില്‍ നിന്ന് തിരിച്ചയച്ചത്. അമേരിക്കന്‍ സൈനിക വിമാനമായ 17 എയര്‍ ക്രാഫ്റ്റിലാണ് ഇന്ത്യന്‍ കൂടിയേറ്റക്കാരെ തിരിച്ചയച്ചത്. അതേസമയം ഈ വിമാനം ഇതുവരെയും ഇന്ത്യയില്‍ എത്തിയിട്ടില്ല.
 
ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ടെക്‌സാസില്‍ നിന്ന് വിമാനം പുറപ്പെട്ടത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ഇന്ത്യക്കാരാണ്. ഇതിനോടകം തന്നെ അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി 5000 ത്തോളം അനധികൃത കുടിയേറ്റക്കാരെ വിവിധ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായാണ് വിവരം. കഴിഞ്ഞാഴ്ചയാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് വേണ്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്.
 
അമേരിക്കയിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയ്യാറായിരിക്കുന്നത്. അമേരിക്കയില്‍ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ പതിനെണ്ണായിരത്തോളം പേരാണ് ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍