റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണോ ശക്തനായ നേതാവെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം പുടിന്‍ എന്നാകും. വിവാദങ്ങളും മോശം പ്രസ്‌താവനകളും ട്രംപിന് വിനയായപ്പോള്‍ ശക്തമായ നിലപാടുകളും നേതൃത്വ പാഠവുമാണ് റഷ്യന്‍ പ്രസിഡന്റിന് നേട്ടമായത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുകള്‍ നടന്നുവെന്ന റിപ്പോര്‍ട്ട് ഇന്നും ട്രംപിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. എന്നാല്‍, ഹെൽസിങ്കി ഉച്ചകോടിക്കു ശേഷം നടന്ന പത്രസമ്മേളനത്തില്‍ പുടിൻ യുഎസ് പ്രസിഡന്റിനു സമ്മാനിച്ച ഒരു ഫുട്‌ബോളാണ് ഇപ്പോള്‍ വിദേശ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും പതിവു പോലെ പരിശോധനയ്‌ക്ക് വിധേയമാക്കാറുണ്ട്. പക്ഷേ, രഹസ്യങ്ങള്‍ ഒപ്പിയെടുക്കുന്നതിലും ചാരപ്രവര്‍ത്തനത്തിലും ഒരുപടി മുന്നില്‍ നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റില്‍ നിന്നും പന്ത് ലഭിച്ചു എന്നതാണ് അമേരിക്കന്‍ ബുദ്ധിജീവികളെ ഭയപ്പെടുത്തുന്നത്.
രഹസ്യാന്വേഷണ വിഭാഗവും പ്രത്യേക സംഘവും ചേര്‍ന്നാണ് പന്തില്‍ പരിശോധന നടത്തുന്നത്. ഫുട്‌ബോളില്‍ രഹസ്യങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന ചിപ്പുകളോ വിഷ പദാര്‍ഥങ്ങളോ ഒളിപ്പിച്ചിട്ടുണ്ടോ എന്നാണ് പരിശോധന.
റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം ഇക്കാര്യത്തില്‍ തുറന്ന പ്രസ്‌താവനയും നടത്തി.
പന്തിൽ ചാരയന്ത്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടാകാം. അതിനാല്‍ ശക്തമായ പരിശോധനയ്‌ക്കു ശേഷം മാത്രം മതി വൈറ്റ് ഹൗസിൽ പന്ത് എത്തിക്കാന്‍ എന്നാണ് ഗ്രഹാം ട്വീറ്റ് ചെയ്‌തത്.
മാധ്യമസമ്മേളനത്തിലാണു ട്രംപിനു പുടിന്‍ ഫുട്ബോൾ സമ്മാനിച്ചത്. ആ പന്ത് പന്ത്രണ്ടുകാരൻ മകൻ ബാരന് ഇഷ്ടപ്പെടുമെന്നു പറഞ്ഞു ട്രംപ്, ഭാര്യ മെലനിയയുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. ഇതിനു ശേഷമാണ് യു എസ് ഉദ്യോഗസ്ഥരില്‍ ആശങ്കയുണ്ടായതും പരിശോധന എന്ന തലത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതും.