കൊവിഡ് വ്യാപനം തടഞ്ഞു നിർത്താനായില്ലെങ്കിൽ ആഫ്രിക്കയിൽ ഒരു വർഷത്തിനുള്ളിൽ 83000 മുതല്‍ 1.90 ലക്ഷം പേര്‍ വരെ കോവിഡ് ബാധിതരായി മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന.ആഫ്രിക്കയിൽ കൊവിഡ് നിയന്ത്രണ നടപടികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന അനുമാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം.
മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ പോലെ പൊതുചടങ്ങുകൾക്കും അന്താരാഷ്ട്ര യാത്രകൾക്കും ആഫ്രിക്കയിൽ നിയന്ത്രണങ്ങളില്ല.മേഖലയിലെ സർക്കാരുകൾ കടുത്ത നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൊവിഡ് ജീവിതത്തിന്റെ ഭാഗമാവുമെന്നും വൈറസ് പരിശോധനകൾ കൂടുതൽ നടത്തുകയും ആളുകൾ സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേധാവി മാത്ഷിധിസോ മൊയ്തി പറഞ്ഞു.
നിലവിൽ ആഫ്രിക്കയിൽ 47 രാജ്യങ്ങളില്‍ 35,097 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1,231 പേര്‍ മരിച്ചു. എന്നാൽ സ്ഥിതി നിയന്ത്രണവിധേയമല്ലെങ്കിൽ 3.6 ലക്ഷത്തിനും 55 ലക്ഷത്തിനുമിടയില്‍ പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുമെന്നും മരണനിരക്കുയരുമെന്നും ലോകാരോഗ്യസംഘടന പറയുന്നു.