കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍ നിന്നോ അതോ മൃഗങ്ങളില്‍ നിന്നോ? ഈ ചോദ്യത്തിനു ഉത്തരം തേടുകയാണ് അമേരിക്ക. കൊറോണ വൈറസിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ചൈനയെ പ്രതിരോധത്തിലാക്കുന്നത് തുടരുകയാണ് യുഎസ്. ഇക്കാര്യത്തില്‍ 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. കൊറോണ വൈറസ് സാധാരണ രീതിയില്‍ ഉദ്ഭവിച്ചതാണോ അതോ കൃത്രിമമാണോ എന്നാണ് യുഎസ് അന്വേഷിക്കുന്നത്.
കൊറോണ വൈറസിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ക്ക് രണ്ട് അഭിപ്രായമുണ്ട്. ചൈനയിലെ വുഹാനിലുള്ള വെറ്റ് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുവച്ച മൃഗങ്ങളില്‍ നിന്നാണോ അതോ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയില്‍ നിന്നാണോ എന്നതിലാണ് ഇപ്പോഴും വ്യക്തതയില്ലാത്തത്.
എന്നാല്‍, അമേരിക്കയുടെ വാദങ്ങളെ ചൈന തള്ളുന്നു. ദുരൂഹത സൃഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ചൈന കുറ്റപ്പെടുത്തി. ലബോറട്ടറിയില്‍ നിന്നാണ് ഉദ്ഭവമെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ചൈന പറയുന്നു. തങ്ങളല്ല മഹാമാരിക്ക് പിന്നിലെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്.