സിഡ്‌നിയിലെ മാര്‍ട്ടിന്‍ പ്ലേസിലെ കോഫീഷോപ്പില്‍ ആളുകളെ ബന്ദിയാക്കിയ സംഭവത്തില്‍ ഓസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചു. അക്രമിയുടെ വിവരങ്ങളും ഇയാള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നും പ്രാഥമികമായി അന്വേഷിക്കും. തുടര്‍ന്ന് സംഭവത്തിലെ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് എത്തിക്കാനും ശ്രമം ഉണ്ട്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമം നടന്ന കോഫീഷോപ്പിനു മുന്നില്‍ അക്രമത്തില്‍ മരിച്ചവര്‍ക്ക് നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബോട്ടും സ്ഥലത്തെത്തി മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സംഭവത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ബന്ദിയാക്കപ്പെട്ടവര്‍ സംയമനത്തോടെയാണ് അത് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഉദ്വേഗജനകമായ മണിക്കൂറുകള്‍ക്കുശേഷം ഓസ്ട്രേലിയന്‍ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് അക്രമിയെ കൊലപ്പെടുത്തി ബന്ദികളെ മോചിപ്പിച്ചത്.