റഡാര്‍ കണ്ണുകളെ വെട്ടിച്ച് ശത്രുപാളയത്തിലേക്ക് കടന്നുകയറാന്‍ സാധിക്കുന്ന തരത്തിലുള്ള അത്യാധുനിക യുദ്ധവിമാനം ചൈന പരീക്ഷിച്ചു. അഞ്ചാം തലമുറ വിഭാഗത്തില്‍ പെടുന്ന എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍ എന്ന യുദ്ധവിമാനമാണ് ചൈന പരീക്ഷിച്ചത്. ഇത്തരം യുദ്ധവിമാന നിര്‍മാണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള മേധാവിത്വം അവസാനിപ്പിക്കുന്നതിനാണ് ചൈനയുടെ ഈ പരീക്ഷണം.
ഇരട്ട എഞ്ചിനുള്ള വിമാനമാണ് എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍. ലോകത്തിലേറ്റവും മികച്ച യുദ്ധവിമാനമായ അമേരിക്കയുടെ എഫ്-35നുള്ള മറുപടിയാണ് ഇതെന്ന അവകാശവാദമാണ് ചൈന ഉന്നയിക്കുന്നത്. ചൈനയുടെ ജെ-31 എന്ന യുദ്ധവിമാനത്തിന്റെ പരിഷ്കരിച്ച രൂപമാണ് ഷെന്‍യാങ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ നിര്‍മിച്ച എഫ്.സി- 31 ഗിര്‍ഫാല്‍ക്കണ്‍.
ജെ-31 നെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമവും ഭാരക്കുറവും അതോടൊപ്പം കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാന്നുള്ള ശേഷിയും അത്യാധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങളുമാണ് എഫ് സി-31ലുള്ളത്. യുറോഫൈറ്ററിന്റെ ടൈഫൂണ്‍ യുദ്ധവിമാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഏകദേശം ഏഴ് കോടി ഡോളര്‍ ചിലവിട്ടു നിര്‍മിച്ച ഈ ചൈനീസ് വിമാനം.