അവതാരകന്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങി‍; പരാതി നല്‍കിയത് എട്ട് സ്‌ത്രീകള്‍ - യുവതികളുടെ പ്രസ്‌താവന ഞെട്ടിക്കുന്നത്

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (18:07 IST)
പ്രശസ്ത ടോക്ക് ഷോ അവതാരകനെതിരെ ലൈംഗികാരോപണം. പ്രമുഖ അമേരിക്കൻ ടിവി അവതാരകൻ ചാർളി റോസിനെതിരെയാണ് എട്ട് സ്ത്രീകൾ പരാതിയുമായി രംഗത്ത് എത്തിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ റോസിന്റെ പരിപാടികള്‍ ചാനലുകള്‍ നിറുത്തിവച്ചു.

വാഷിംഗ്ടൺ പോസ്‌റ്റിന് നല്‍കിയ അഭിമുഖത്തിലാണ് റോസിനെതിരെ നിരവധി യുവതികള്‍ രംഗത്തുവന്നത്.

1990 മുതൽ 2011വരെ കാലയളവിൽ റോസ് മോശമായി പെരുമാറിയെന്നാണ് സ്‌ത്രീകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആഭാസ ഫോൺ വിളി, സമീപത്തൂടെ നഗ്നമായി നടക്കുക, മോശമായി സ്പർശിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുക എന്നീ നിരവധി ആരോപണങ്ങളാണ് ഏറ്റവും ബഹുമാനിക്കപ്പെടുന്ന ജനപ്രിയ അവതാരകനായ റോസിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

മൂന്നു സ്ത്രീകൾ പരസ്യമായി പരാതിപ്പെട്ടപ്പോൾ അഞ്ചുപേർ പേര് വെളിപ്പെടുത്താതെയാണ് വാഷിംഗ്ടൺ പോസ്റ്റിനോടു സംസാരിച്ചത്. റോസിന്റെ പിബിഎസ് ഷോ അസോസിയേറ്റ് പ്രൊഡ്യൂസർ ആയിരുന്ന റിയ ബ്രാവോ, അസിസ്റ്റന്റ് ആയിരുന്ന കെയ്ൽ ഗോഡ് ഫ്രെ റയാൻ, ഷോയുടെ കോഓർഡിനേറ്റർ മെഗാൻ ക്രേഡിറ്റ് എന്നിവരാണ് പരസ്യമായി പരാതിപ്പെട്ടവർ. മറ്റ് അഞ്ച് പേർ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. റോസ് കാലുകളിലും തുടകളിലും സ്പർശിച്ചെന്നാണ് അഞ്ച് സ്ത്രീകളുടെ പരാതി.

വാർത്ത പുറത്ത് വന്നതോടെ തന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിൽ മാപ്പ് ചോദിച്ച് 75കാരനായ ചാർളി റോസ്  പ്രസ്താവനയിറക്കി. “ 45 വർഷത്തെ പത്രപ്രവർത്തന ജീവിതത്തിനിടെ സ്ത്രീകളുൾപ്പെടെ നിരവധി പേർക്ക് ഉപദേശം കൊടുക്കാനായതിൽ അഭിമാനമുണ്ട്. തന്റെ പെരുമാറ്റത്തെക്കുറിച്ച് ഇവരിൽ ചിലർ പരാതിപ്പെട്ടിരിക്കുന്നു. മോശമായ പെരുമാറ്റരീതിയിൽ അഗാധമായി മാപ്പു ചോദിക്കുന്നു. ചില സമയങ്ങളിൽ ബുദ്ധിശൂന്യമായി ഇടപെട്ടതിന്റെ ഉത്തരവാദിത്തം ഞാനേൽ‌ക്കുന്നു ”- എന്നുമാണ് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article