'പെണ്ണായി പിറന്നതിൽ ദുഃഖിച്ചിട്ടുണ്ട്, ഒന്നല്ല പലവട്ടം' - മനസ് തുറന്ന് റിമ കല്ലിങ്കൽ

ശനി, 18 നവം‌ബര്‍ 2017 (14:50 IST)
മലയാള സിനിമയിൽ ഉറച്ച നിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളുമുള്ള നടിയാണ് റിമ കല്ലിങ്കൽ. അവസരം നഷ്ടപ്പെടുമെന്ന ഭയത്താൽ പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ പോലും റിമ തുറന്നു പറയാറുണ്ട്. തന്റെ നിലപാടിൽ നിന്നും ഒരിക്കലും വഴിമാറി നടക്കാതെ എന്നും മുന്നോട്ട് നീങ്ങുന്ന താരമാണ് റിമ.
 
കൊച്ചിയിൽ വെച്ച് യുവനടി ആക്രമിക്കപ്പെട്ടപ്പോഴും തുടക്കം മുതൽ നടിയോടൊപ്പം നിലപാടെടുത്തവരിൽ റിമ മുന്നിൽ തന്നെയുണ്ട്. നടിക്ക് പിന്തുണയുമായി ഇപ്പോഴും കൂടെയുണ്ട്. സിനിമയ്ക്കും നൃത്തത്തിനും വേണ്ടി ആത്മാവ് വിൽക്കാൻ തയ്യാറല്ലെന്ന് റിമ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ നിലപാടുകൾ റിമ തുറന്നു പറഞ്ഞത്.
 
പെണ്ണായി പിറന്നതില്‍ എപ്പോഴെങ്കിലും ദു:ഖിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പലവട്ടം എന്നായിരുന്നു റിമയുടെ മറുപടി. ഈ സമൂഹത്തില്‍ പെണ്ണിനെതിരെ നടക്കുന്നത് അനിഷ്ടങ്ങള്‍ മാത്രമാണ്. ഓരോ ദിവസവും ആ അവസ്ഥയോര്‍ത്ത് ദു:ഖിക്കാറുണ്ട്. ആ രോഷത്തിൽ നിന്നുമാണ് ഞാൻ പ്രതികരിച്ചു തുടങ്ങിയതെന്ന് താരം പറയുന്നു.
 
സമൂഹത്തിലെ പല കാഴ്ചകളും കാണുമ്പോൾ സിനിമാമേഖലയിലെ കഥകൾ അറിയുമ്പോൾ രോഷമാണ് ഉണ്ടാകുന്നത്. എന്റെ രോഷം കാണുമ്പോള്‍’ നീ അറ്റാക്ക് വന്ന് ചാവുമെന്ന് ആഷിഖ് തമാശ പറയും’. സ്ത്രീയുടെ എല്ലാ പരിഗണനയും ആസ്വദിച്ച് ജീവിക്കുന്ന എനിക്കുപോലും അങ്ങനെ തോന്നണമെങ്കില്‍ സാധാരണ പെണ്‍കുട്ടിയുടെ അവസ്ഥ എന്തായിരിക്കുമെന്നും റിമ ചോദിക്കുന്നു.
 
മനസിലുള്ളത് തുറന്ന് പറയാന്‍ പഠിക്കണം. അതിനു ശക്തമായ നിലപാടുകൾ എടുക്കാൻ കഴിയണമെന്ന് റിമ പറയുന്നു. വലിയ താരങ്ങള്‍ എളിമയോടെ നിന്നാല്‍ അതാണ് വലിയ കാര്യങ്ങള്‍. 
സിനിമാമേഖലയിൽ ആരെങ്കിലും എന്തെങ്കിലും ഔദാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്. 
 
ഒതുക്കലുകള്‍ ചുറ്റും നടക്കുന്നുണ്ട്. റോളുകള്‍ നഷ്ടമാകുന്നുണ്ട്. അത്തരം അവസരം എനിക്ക് വേണ്ട. ആരെങ്കിലും വന്ന് അഭിനയിച്ചാല്‍ മതിയെന്ന തോന്നുന്ന കഥാപാത്രം കട്ടിയിട്ട് എന്താണ് കാര്യമെന്നും റിമ ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍