മമ്മൂട്ടി ആ നടിയുടെ കുറേ ഫോട്ടോകള്‍ എടുത്തു, കൂടെ ദുല്‍ക്കറുമുണ്ടായിരുന്നു!

വ്യാഴം, 16 നവം‌ബര്‍ 2017 (17:14 IST)
ഫോട്ടോഗ്രഫിയില്‍ വലിയ ക്രേസുള്ള താരമാണ് മമ്മൂട്ടി. ക്യാമറ വിപണിയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ വരെ മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. ഒരു മികച്ച ഫോട്ടോഗ്രാഫറുമാണ് അദ്ദേഹം. സിനിമയുടെ സെറ്റുകളില്‍ ഇക്കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഏതെങ്കിലും പുതിയ ക്യാമറയെപ്പറ്റി ക്യാമറാമാന്‍ എന്തെങ്കിലും ആരായുമ്പോള്‍ അതിന്‍റെ സമ്പൂര്‍ണ വിവരങ്ങളും പറഞ്ഞുകൊടുക്കാന്‍ മാത്രം അറിവുള്ള താരമാണ് നമ്മുടെ മെഗാസ്റ്റാര്‍.
 
നടി പ്രിയാരാമന്‍ ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങിയെത്താനുള്ള തീരുമാനത്തിലാണ്. സൈന്യം, ആറാം തമ്പുരാന്‍, കാശ്മീരം, മാന്ത്രികം തുടങ്ങി പ്രിയ തിളങ്ങിയ ഒട്ടേറെ സിനിമകള്‍ മലയാളത്തിലുണ്ട്. തിരിച്ചുവരവില്‍ അവര്‍ മലയാളം ചിത്രങ്ങളും ചെയ്തേക്കാം. 
 
“എനിക്ക് ഭൂതകാലത്തില്‍ നില്‍ക്കാന്‍ ഇഷ്ടമല്ല. ആ സിനിമയില്‍ ഇങ്ങനെ അഭിനയിച്ചു, ആ സെറ്റില്‍ ഇങ്ങനെയൊക്കെ ഉണ്ടായി... അതൊന്നും ഞാന്‍ ഓര്‍ക്കാറില്ല. എങ്കിലും പഴയകാലത്തേക്ക് കൊണ്ടുപോകുന്ന ചില സാഹചര്യങ്ങള്‍ മുന്നില്‍ വന്നുചേരും. ഒരുദിവസം കബോര്‍ഡിനുള്ളില്‍ നിന്ന് എന്‍റെ കുറേ പഴയ ഫോട്ടോകള്‍ കിട്ടി. ആ ചിത്രങ്ങള്‍ എടുത്തത് മമ്മൂട്ടിയായിരുന്നു. ഒരു ഗള്‍ഫ് ഷോയ്ക്കായി ഞങ്ങള്‍ എല്ലാം പോയിരുന്നു. മമ്മൂട്ടി പുതിയ ക്യാമറ വാങ്ങിയ സമയമായിരുന്നു അത്. ഒരു ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം ഗൌരവത്തില്‍ പറഞ്ഞു, ‘പ്രിയ ഒന്നു നിന്നേ...’ എന്നിട്ട് ക്യാമറ ക്ലിക്ക് ചെയ്തു. അന്ന് പ്രിന്‍റെടുത്തുവച്ച ഫോട്ടോകളായിരുന്നു അത്. മമ്മൂട്ടിക്കൊപ്പം സ്കൂള്‍ കുട്ടിയായ ദുല്‍ക്കറും ഉണ്ടായിരുന്നു. ഹാന്‍ഡി ക്യാം വന്നുതുടങ്ങിയിട്ടേ ഉള്ളൂ. അന്ന് ഹാന്‍ഡി ക്യാം വച്ച് ദുല്‍ക്കര്‍ എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രിയാരാമന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍