ലഡാക്കിലെ അതിർത്തിസംഘർഷം വഷളായതിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന. അതിർത്തിയിലെ സംഘർഷാവസ്ഥക്ക് ഇന്ത്യയാണെന്ന് ചൈന ആരോപിച്ചു. മോസ്കോയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി വായ് ഫെങിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പരാമർശം.
രാജ്യത്തിൻെറ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ശേഷിയും ആത്മവിശ്വാസവും ചൈനീസ് സൈന്യത്തിനുണ്ടെന്നും ഒരിഞ്ച് പോലും സ്ഥലം ചൈന നഷ്ടപ്പെടുത്തില്ലെന്നും ചൈന വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾ ഇന്ത്യയുടെ സൃഷ്‌ടിയാണെന്നും ചൈന കുറ്റപ്പെടുത്തി. അതേസമയം ചൈന തൽസ്ഥിതി നിലനിർത്തുന്നതിൽ പിന്നോട്ടുപോവുകയാണെന്ന് ഇന്ത്യ പറഞ്ഞു. അതിർത്തിതർക്കം സമാധാനപരമായി പരിഹരിക്കണമെന്നാണ് രാജ്യത്തിന്റെ നിലപാടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.