ഇനി കാനഡയില്‍ പോയി പഠിക്കുന്നത് പ്രയാസകരമാകും; വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കുന്നു

രേണുക വേണു
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (08:25 IST)
വിദേശ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം വെട്ടിച്ചുരുക്കാന്‍ കാനഡ. രാജ്യത്തെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം. ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. 
 
നവംബര്‍ ഒന്നിന് പുറത്തിറക്കുന്ന പുതുക്കിയ ഇമിഗ്രേഷന്‍ ലെവല്‍ പദ്ധതികളില്‍ വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റ് കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാകും. നിലവില്‍ 6.5 ശതമാനം താല്‍ക്കാലിക താമസക്കാരായ വിദേശ വിദ്യാര്‍ഥികള്‍ ഉള്ളത് 2025-2027 അക്കാദമിക വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ അഞ്ച് ശതമാനമാക്കി കുറയ്ക്കാനാണ് തീരുമാനം. കാനഡയില്‍ പഠിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്ന ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. 
 
വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി വരും മാസങ്ങളില്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ' ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കും. അടുത്ത വര്‍ഷത്തേക്ക് എത്തുമ്പോള്‍ അത് 10 ശതമാനം കൂടി കുറയ്ക്കും. നമ്മുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഇമിഗ്രേഷന്‍ നല്ലതാണ്. പക്ഷേ, ചില ചീത്ത മനുഷ്യര്‍ നമ്മുടെ സിസ്റ്റത്തെ അവഹേളിക്കുകയും മുതലെടുപ്പ് നടത്തുകയും ചെയ്യുന്നു,' ജസ്റ്റിന്‍ ട്രൂഡോ കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article