ഇനിയും ഈ വേദന താങ്ങാന്‍ ശക്തിയില്ല,ഈ കൈകള്‍ മുറിച്ചുകളയൂ; ഡോക്ടര്‍മാരോട് അപേക്ഷയുമായി ഒരു യുവാവ്

ചൊവ്വ, 25 ജൂണ്‍ 2019 (08:51 IST)
അപൂര്‍വ്വമായ രോഗത്തെ തുടര്‍ന്ന് കൈള്‍ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാരോട് അപേക്ഷിച്ചിരിക്കുകയാണ് ഒരു യുവാവ്. ശരീരത്തിൽ കൈകളിലും കാലുകളിലും പ്രത്യേകതരത്തിലുള്ള വളര്‍ച്ചയുണ്ടാകുന്ന രോഗമാണിത്. ലോകത്തെ കോടിക്കണക്കിന് മനുഷ്യരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം വരുന്ന ഒരു രോഗം. നമ്മുടെ അയാൾ രാജ്യമായ ബംഗ്ലാദേശ് സ്വദേശിയായ അബ്ദുള്‍ ബജന്ദറാണ് രോഗത്തെത്തുടര്‍ന്നുള്ള ദുരിതങ്ങളില്‍ നിന്ന് രക്ഷ തേടാന്‍ കൈകള്‍ മുറിച്ചുകളയൂവെന്ന അപേക്ഷയുമായി ഡോക്ടര്‍മാരെ സമീപിച്ചിരിക്കുന്നത്.
 
ഇദ്ദേഹത്തിന് ജന്മനാ ഉണ്ടായിരുന്ന രോഗമാണെങ്കിലും വളര്‍ന്ന് വരുംതോറുമാണ് രോഗത്തിന്റെ തീവ്രത കൂടിയത്. ഓരോ തവണയും, അസുഖം മൂര്‍ച്ഛിക്കുമ്പോഴും ശസ്ത്രക്രിയ നടത്തും. അങ്ങനെ മൂന്നു വർഷം മുൻപു വരെ മാത്രം 25 ശസ്ത്രക്രിയ നടത്തി. പക്ഷെ വീണ്ടും വേദനകള്‍ സമ്മാനിച്ചുകൊണ്ട് അസുഖം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ് ബജന്ദർ.
 
തുടർന്നും ചികിത്സകളുമായി മുന്നോട്ട് പോകാന്‍ കുടുംബത്തിന് സാമ്പത്തികശേഷിയില്ലെന്നും വേദനകളില്‍ നിന്ന് രക്ഷപ്പെടാന്‍ കൈകള്‍ മുറിച്ചുകളയുക എന്നൊരു മാര്‍ഗമേ തനിക്ക് മുന്നില്‍ അവശേഷിക്കുന്നുള്ളൂവെന്നുമാണ് ബജന്ദര്‍ പറയുന്നത്. ‘ഈ വേദന എനിക്ക് ഇനിയും താങ്ങാനുള്ള ശക്തിയില്ല. പല രാത്രികളിലും ഉറക്കം പോലും കിട്ടാറില്ല. അങ്ങിനെ ഞാന്‍ തന്നെയാണ് ഡോക്ടര്‍മാരോട് കൈകള്‍ മുറിച്ചുകളയുന്നതിനെ പറ്റി പറഞ്ഞത്..’- ബജന്ദര്‍ പറയുന്നു.
 
സ്വന്തം മകന്റെ ദുരിതം ഇനിയും കണ്ടുനില്‍ക്കാനാവാത്തതിനാല്‍ ബജന്ദറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ് ഉമ്മ ആമിനാ ബീബിയും. തങ്ങളാൽ ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി തങ്ങള്‍ ചെയ്ത് നോക്കുമെന്നാണ് ബജന്ദറിനെ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍