‘ഒരു യുവതി റോഡിലേക്ക് വീണു, ഇത് കണ്ട് താരങ്ങള്‍ ബസില്‍ നിന്നിറങ്ങിയപ്പോള്‍ വെടിയൊച്ചകള്‍ കേട്ടു, കമിഴ്ന്ന് കിടന്നത് ഏറെനേരം’; വെളിപ്പെടുത്തലുമായി ടീം സ്റ്റാഫ്

വെള്ളി, 15 മാര്‍ച്ച് 2019 (19:07 IST)
ന്യൂസിലൻഡിൽ മുസ്ലീം മോസ്‌കില്‍ കയറി അക്രമി നടത്തിയ വെടിവയ്‌പില്‍ നഷ്‌ടമായത് 49 പേരുടെ ജീവനാണ്. ഓസ്ട്രേലിയൻ സ്വദേശി ബ്രന്റൺ ടാറന്റാണ് ക്രൂരമായ അക്രമണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ഫേസ്‌ബുക്കില്‍ ലൈവായി സ്‌ട്രീം ചെയ്യുകയും ചെയ്‌തു.

ലോകത്തെ നടുക്കിയ ആക്രമണത്തില്‍ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ചിന്തിക്കാവുന്നതിലും അപ്പുറമുള്ള ഭീകരതയാണ് മുസ്ലിം പള്ളിക്ക് അകത്തും പുറത്തുമായി നടന്നതെന്ന് ബംഗ്ലാദേശ് ടീമിലെ സപ്പോര്‍ട്ടിങ്ങ് സ്‌റ്റാഫും ഇന്ത്യക്കാരനുമായ ശ്രീനിവാസ് ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

“പള്ളിയുടെ സമീപത്ത് എത്തിയപ്പോള്‍ ഒരു യുവതി റോഡിലേക്ക് കമിഴ്ന്ന് വീഴുന്നത് കണ്ടു. ശാരീരിക പ്രശ്‌നം മൂലമാണ് വീണതെന്ന് കരുതി ടീം അംഗങ്ങള്‍ ബസില്‍ നിന്ന് ഇറങ്ങി അവരെ രക്ഷിക്കാനായി ഇറങ്ങി. ഉടന്‍ തന്നെ
വെടിയൊച്ചകള്‍ ഉയര്‍ന്നു. ഇതോടെയാണ് സംഭവിക്കുന്നത് എന്തെന്ന് ഞങ്ങള്‍ക്ക് ഏകദേശം വ്യക്തമായത്.

ഇതിനു പിന്നാലെ ജനങ്ങള്‍ ചിതറിയോടുന്നതും രക്തം തെറിക്കുന്നതും കണ്ടു. ഭയപ്പെടുത്തുന്നതായിരുന്നു ആ നിമിഷം. ഇതോടെ ഞങ്ങള്‍ ബസില്‍ നിലത്ത് കമിഴ്ന്ന് കിടന്നു. ഏറെനേരം അങ്ങനെ കിടക്കേണ്ടി വന്നു. തുടര്‍ന്ന് പൊലീസ് സംഘം എത്തിയാണ് ഞങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചത്’ - എന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍