Bangladesh Political Crisis: ബംഗ്ലാദേശ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. നാടുവിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെ തുടരുകയാണ്. യുകെയില്‍ രാഷ്ട്രീയ അഭയം തേടാനാണ് ഷെയ്ഖ് ഹസീനയുടെ തീരുമാനം. ആഭ്യന്തര കലാപത്തില്‍ ഇതുവരെ 135 പേര്‍ മരിച്ചതായാണ് കണക്കുകള്‍. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഹസീന രാജിവെച്ചത്.
ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിനോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നോ നാളെയോ ആയി മുഹമ്മദ് യൂനസ് രാജ്യത്തിന്റെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവാമി ലീഗ് അംഗങ്ങളും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പലയിടത്തും തുടരുകയാണ്. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥി പ്രതിനിധികളുമായി ആര്‍മി തലവന്‍ ഇന്ന് ചര്‍ച്ച നടത്തും.
രാജിവെച്ച ശേഷം സൈനിക വിമാനത്തില്‍ രാജ്യംവിട്ട ഷെയ്ഖ് ഹസീന ലണ്ടനിലേക്കുള്ള യാത്രാമധ്യേ യുപിയിലെ ഗാസിയാബാദ് ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഇറങ്ങുകയായിരുന്നു. ബംഗ്ലദേശ് കലാപത്തെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തി മേഖലകളില്‍ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്. 4,096 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ളത്.