Israel Iran Conflict: ഇറാന്റെ പ്രതികാരം 24 മണിക്കൂറിനുള്ളില്‍? യുദ്ധഭീതിയില്‍ പശ്ചിമേഷ്യ, എന്തിനും തയ്യാറെന്ന് നെതന്യാഹു

അഭിറാം മനോഹർ

തിങ്കള്‍, 5 ഓഗസ്റ്റ് 2024 (11:25 IST)
Iran, Israel
ഹമാസ് തലവനായിരുന്ന ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തോടെ യുദ്ധഭീതിയിലായി പശ്ചിമേഷ്യ. ഹനിയയുടെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെയാണ് പശ്ചിമേഷ്യ യുദ്ധസമാനമായ സ്ഥിതിയിലേക്ക് മാറിയിരിക്കുന്നത്. പലസ്തീനിലെ ഹമാസ്,ഇസ്ലാമിക് ജിഹാദ്,യെമനിലെ ഹൂതി വിഭാഗം,ലെബനനിലെ ഹിസ്ബുള്ള,ഇറാഖി പ്രതിരോധസേന എന്നിവയെ കൂട്ടുപിടിച്ചുകൊണ്ടുള്ള ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി ഇസ്രായേലില്‍ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
 
അടുത്ത 24- 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് മുന്നറിയുപ്പുണ്ട്. അതേസമയം ഏത് ആക്രമണത്തെയും നേരിടാന്‍ ഇസ്രായേല്‍ തയ്യാറാണെന്നും അക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ അക്രമണത്തെ തടയാന്‍ തന്ത്രങ്ങള്‍ മെനഞ്ഞതായും നെതന്യാഹു വ്യക്തമാക്കി. ഇറാന്‍ അക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ കഴിഞ്ഞ ദിവസം ഉന്നത തലയോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ഇറാന്റെ നീക്കങ്ങള്‍ അറിയാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതില്‍ ഇസ്രായേലിനെ ആക്രമിക്കുന്ന തീരുമാനം പശ്ചിമേഷ്യയെ മൊത്തം യുദ്ധത്തിലേക്ക് തള്ളിവിട്ടാലും പ്രതികാരത്തില്‍ നിന്നും പിന്നോട്ടില്ല  എന്ന നിലപാടാണ് ഇറാനുള്ളത്.
 
 ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തോടെ ജോര്‍ദാന്‍,സൗദി അറേബ്യ തുടങ്ങിയ  രാജ്യങ്ങളുടെ മൗനാനുവാദവും ഇറാനുണ്ടാകുമെന്നാണ് കരുതുന്നത്. ഇസ്രായേലിനെ അമേരിക്ക സഹായിച്ചാല്‍ പശ്ചിമേഷ്യയിലെ യു എസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രായേലിന് വ്യോമപാത തുറന്ന് നല്‍കുന്ന രാജ്യങ്ങളെയും ആക്രമിക്കുമെന്ന നിലപാടാണ് ഇറാനുള്ളത്. പശ്ചിമേഷ്യ യുദ്ധഭീതിയിലായതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കരുത്ത ത്രിച്ചടിയാണ്. മലയാളികള്‍ ധാരാളമായുള്ള ബഹ്‌റിന്‍, കുവൈത്ത്,സൗദി അറേബ്യ യുഎഇ,ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ലോകം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍