ഒരു വിമാനവും രണ്ട് യാത്രക്കാരും, രസകരമായ അനുഭവം ഇതാ

Webdunia
ബുധന്‍, 14 ജനുവരി 2015 (16:23 IST)
ഒരു യാത്രാ വിമാനം രണ്ട് യാത്രക്കാരെ മാത്രം വച്ച് സര്‍വീസ് നടത്തി എന്നു പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും? നമ്മള്‍ മലയാളികള്‍ വിശ്വ്സിച്ചേക്കും, കാരണം കെടുകാര്യസ്ഥതയ്ക്ക് പേര്‍ കേട്ട ഇന്ത്യന്‍ റെയില്‍‌വേയും കെ‌എസ്‌ആര്‍ടിസിയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമുള്ള നമ്മുടെ നാട്ടില്‍ ഇതൊക്കെ സര്‍വ്വ സാധാരമാണ്. എന്നാല്‍ ഒരു വിമാനം ഇത്തരത്തില്‍ സര്‍വീസ് നടത്തുമൊ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം, നിവൃത്തിയില്ലാതെ വന്നാല്‍ എന്തു ചെയ്യാനൊക്കും.
 
അതെ അവസ്ഥയാണ് ക്ലെവ്‌ലാന്‍ഡില്‍ നിന്ന്‌ ന്യൂയോര്‍ക്കിലേക്ക്‌ സര്‍വീസ് നടത്തുന്ന ഡെല്‍റ്റാ എയര്‍ലൈന്‍സിന് പറ്റിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത്തരമൊരു അപൂര്‍വ്വ വിമാന യാത്ര നടന്നത്.  ഓഹിയോയില്‍ നിന്ന്‌ രാവിലെ 7.15 ന്‌ പറന്നുയരേണ്ടിയിരുന്ന വിമാനം മോശം കാലാവസ്‌ഥ കാരണം 11 മണികൂറ് വൈകി വൈകിട്ട്‌ ആറ്‌ മണിക്കാണ്‌ യാത്രതിരിച്ചത്. വിമാനം പുറപ്പെടാന്‍ നേരമായപ്പോഴേക്കും അതിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ടിക്കറ്റ് കാന്‍സല്‍ ചെയ്ത് അടുത്ത വിമാനത്തില്‍ ന്യൂയോര്‍ക്ക് പിടിച്ചു.
 
എന്നാല്‍ ചെന്നിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാല്‍ ക്രിസ്‌ ഒ ലേറി എന്ന യാത്രക്കാരന്‍ മാത്രം ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ല. വിമാനം യാത്ര തുടങ്ങാന്‍ നേരമായപ്പോള്‍ ഒരാള്‍ കൂടി വിമാനത്തില്‍ എത്തി. അല്ലായിരുന്നെങ്കില്‍ ക്രിസിനുവേണ്ടി മാത്രം വിമാനം പറപ്പിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ അവസാന നിമിഷം വിമാനത്തില്‍ കയറിയ സഹയാത്രികന്‍ ആകെയുള്ള യാത്രക്കാരനായ തന്നെ മൈന്‍ഡുപോലും ചെയ്യാതെ ഉറങ്ങിയതില്‍ മാത്രമാണ് ക്രിസിനു സങ്കടമുള്ളത്. ബാക്കി കാര്യങ്ങളില്‍ ഇയാള്‍ ഹാപ്പിയാണ്.
 
സാധാരണ ഒരു യാത്ര താമസിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്‌ഥതകളൊന്നുമില്ലായിരുന്നുവെന്നും താന്‍ മാത്രമേ യാത്രക്കാരനായി ഉളളൂവെന്നാണ്‌ ആദ്യം കരുതിയതെന്നും ക്രിസ്‌ പറയുന്നു. എന്നാല്‍ യാത്ര അവസാനിക്കാറായപ്പോഴേക്കും ഒരു വിമാനജോലിക്കാരന്‍ തന്റെ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചത്‌ ഏറെ സന്തോഷം നല്‍കിയെന്നും സാമൂഹിക സൈറ്റില്‍ അപ്‌ലോഡു ചെയ്‌ത ഫോട്ടോകളോടൊപ്പമുളള കുറിപ്പില്‍ ക്രിസ്‌ പറയുന്നു.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.