ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ രാസായുധം വഹിക്കുന്ന ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് ബുധനാഴ്ച സൈന്യം 1300-ലേറെ പേരെ കൂട്ടക്കൊല ചെയ്തത് മാരകമായ സരിന്‍ വാതകം ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ട്. സരിന്‍ ധാരാളമായി സൈന്യത്തിന്റെ പക്കലുണ്ട്.
രാസായുധ പ്രയോഗത്തെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ ഗുരുതരാവസ്ഥയിലാണ്. സര്‍ക്കാറിനെതിരെ പൊരുതുന്ന വിമതസേന തമ്പടിച്ചതെന്ന് കരുതുന്ന ഘൗട്ട മേഖലയില്‍ രാസായുധം വഹിക്കുന്ന ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു.
സിറിയന്‍ സൈന്യം നേരത്തേയും രാസായുധം പ്രയോഗിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭാ പ്രതിനിധി സംഘം ഇപ്പോള്‍ സിറിയയിലുണ്ട്. എന്നാല്‍ പതിവുപോലെ സിറിയന്‍ സര്‍ക്കാര്‍, രാസായുധം പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. ദമാസ്‌കസ് നഗരാതിര്‍ത്തിക്ക് പുറത്തുള്ള ഇര്‍ബിന്‍, ഡ്യൂമ, മൗദാമിയഎന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുമെന്ന് ബ്രിട്ടനും ഫ്രാന്‍സും വ്യക്തമാക്കി. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ യു എന്‍ പരിശോധകരെ അനുവദിക്കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.