ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 11 കപ്പല്‍ ജീവനക്കാരെ കാണാതായി. ഇന്തോനേഷ്യയിൽനിന്നും ചൈനയിലേക്കു പോകുകയായിരുന്ന ഹോങ്കോംഗ് രജിസ്ട്രേഷനിലുള്ള ചരക്ക് കപ്പല്‍ ഒക്കിനാവ ദ്വീപിനു സമീപം വെച്ചാണ് അപകടത്തില്‍ പെട്ടത്.
പസഫിക് സമുദ്രത്തിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്നാണ് കപ്പൽ മുങ്ങിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് എമറാൾഡ് സ്റ്റാർ എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കപ്പലിൽ ഉണ്ടായിരുന്ന 26 ജീവനക്കാരിൽ 15 പേരെ രക്ഷപെടുത്തി. സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കപ്പലിലെ ജീവനക്കാരാണ് ഇവരെ രക്ഷിച്ചത്. എന്നാൽ 11 ജീവനക്കാരെ രക്ഷപെടുത്താൻ അവർക്ക് കഴിഞ്ഞില്ല.
കപ്പൽ പൂർണമായും മുങ്ങിയെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കാണാതായ കപ്പൽ ജീവനക്കാർക്കുവേണ്ടി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും കൊടുങ്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനം തടസപ്പെടുകയാണ്.