“ജാക്സന്‍ നേരെത്തെ പോയത് അമ്മ കാരണം”

Webdunia
തിങ്കള്‍, 14 ജൂണ്‍ 2010 (10:50 IST)
പോപ് രാജാവ് മൈക്കല്‍ ജാക്സന്റെ അകാല വിയോഗം തന്റെ ഭാര്യ കാതറീന്റെ പിഴവ് കൊണ്ടാണെന്ന് ജാക്കോയുടെ പിതാവ് ജോ കുറ്റപ്പെടുത്തി. മകനെ കടുത്ത മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് രക്ഷപെടുത്താന്‍ അവന്റെ അമ്മ കാതറീന് കഴിയുമായിരുന്നു എന്നും ജോ പറയുന്നു.

ജാക്സന്‍ ‘അമ്മയുടെ കുട്ടി’ ആയിരുന്നു. താന്‍ പറയുന്നത് അവന്‍ അത്രത്തോളം അനുസരിക്കില്ലായിരുന്നു. അതിനാലാണ് മകന്റെ കൂടെ താമസിക്കാനും അവന്റെ വ്യക്തിപരമായ വിഷമങ്ങളില്‍ നിന്ന് രക്ഷപെടുത്താനും താന്‍ കാതറീനോട് അപേക്ഷിച്ചത്. എന്നാല്‍, തന്റെ അപേക്ഷ തള്ളിക്കളഞ്ഞ കാതറീന്‍ മകന് സ്വകാര്യതയാണ് ആവശ്യമെന്ന് പറഞ്ഞു.

ജാക്സന്‍ മരിച്ച സമയത്ത് വികാരം നിയന്ത്രിക്കാനാവാതെ കാതറീന്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. എന്നാല്‍, താന്‍ അവളെ ആശ്വസിപ്പിക്കാന്‍ മിനക്കെട്ടില്ല. ‘താന്‍ പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ മൈക്കല്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു‘ എന്നു പറയാനാണ് അപ്പോള്‍ തോന്നിയത് എന്നും തന്റെ വികാരങ്ങള്‍ അടക്കാന്‍ സാധിച്ചില്ല എന്നും ജോ പറയുന്നു.

ജാക്സന്‍ മരിച്ച സമയത്ത് താന്‍ യഥാര്‍ത്ഥത്തില്‍ കോപാകുലനായിരുന്നു എന്നും തന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ പൊഴിഞ്ഞില്ല എന്നും ജോ പറയുന്നു. മകന് ശരിയായ രീതിയില്‍ അവസാന വിടവാങ്ങല്‍ നല്‍കാനായില്ല എങ്കിലും താനെ അവനെ സ്നേഹിക്കുന്നുണ്ട് എന്ന് അവന് അറിയാമായിരുന്നു എന്നും ജോ പറയുന്നു.