ഹെയ്ത്തി ഭൂകമ്പം; മരണസംഖ്യ ലക്ഷം കവിഞ്ഞു

Webdunia
വ്യാഴം, 14 ജനുവരി 2010 (10:49 IST)
PRO
ഹെയ്ത്തിയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മൂന്ന് മില്യനോളം പേര്‍ ദുരന്തത്തിനിരയായി എന്നാണ് വിലയിരുത്തല്‍.

ഹെയ്ത്തിയിലെ യു‌എന്‍ ദൌത്യസംഘം മേധാവി ഉള്‍പ്പെടെ പതിനഞ്ച് യു‌എന്‍ സ്റ്റാഫ് ദുരന്തത്തില്‍ മരിച്ചു. അമ്പത്തിയാറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹെയ്ത്തിയില്‍ സഹായമെത്തിക്കാന്‍ കൂടുതല്‍ ലോക രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നുറു മില്യന്‍ ഡോളറിന്‍റെ അടിയന്തര സഹായം ഹെയ്ത്തിയില്‍ എത്തിക്കാന്‍ ലോക ബാങ്ക് പദ്ധതിയിടുന്നുണ്ട്.

പാര്‍ലമെന്‍റും പ്രസിഡന്‍റിന്‍റെ കൊട്ടാരവും നിരവധി സര്‍ക്കാര്‍ ഓഫീസുകളും ഭൂചലനത്തില്‍ തകര്‍ന്നിട്ടുണ്ട്. ക്രിസ്റ്റഫര്‍ ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എന്‍.സമാധാന സേനയുടെ അഞ്ചുനില കെട്ടിടവും തകര്‍ന്നിരുന്നു. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച പുലര്‍ച്ചെയാണുണ്ടായത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി പുറത്തെടുക്കാനാകാത്തതിനാല്‍ മരണസഖ്യ കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രി ജീന്‍ മാക്സ് ബെല്ലെറൈവ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മരണസംഖ്യ ഒരു ലക്ഷം കടക്കുമെന്ന് വെളിപ്പെടുത്തിയത്. ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.