ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് നല്‍കില്ലെന്ന് അമേരിക്ക

Webdunia
വ്യാഴം, 24 ജനുവരി 2013 (15:30 IST)
PRO
PRO
മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യക്കു കൈമാറില്ലെന്ന്‌ അമേരിക്ക. അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ഏതുവിധത്തിലുള്ള അന്വേഷണങ്ങളോടും സഹകരിക്കാമെന്നു ഹെഡ്‌ലി സമ്മതിച്ച സാഹചര്യത്തില്‍ കൈമാറേണ്ട ആവശ്യമില്ലെന്നാണ് അമേരിക്കയുടെ നിലപാട്.

ഹെഡ്‌ലിയെ ചോദ്യം ചെയ്‌തതില്‍നിന്ന്‌ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങളുടെയും നിര്‍ണായക വിവരങ്ങള്‍ വെളിപ്പെട്ടിരുന്നു. തീവ്രവാദത്തിനെതിരേയുള്ള പോരാട്ടം കൂടുതല്‍ ശക്‌തമാക്കാനും തഹാവൂര്‍ റാണയെ പോലുള്ളവരെ ശിക്ഷിക്കാന്‍ സഹായകമായതും ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകളായിരുന്നു. ഇതിനു പുറമേ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ അമേരിക്കയ്‌ക്കുള്ളില്‍ നിന്നുകൊണ്ട്‌ വിദേശ നിയമവ്യവസ്‌ഥയ്‌ക്കും ഹെഡ്‌ലി സഹകരണം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന്‌ അറ്റോര്‍ണി ഗാരി എസ്‌. ഷാപിറോ ഷിക്കാഗോ കോടതിയെ ധരിപ്പിച്ചു.

അമേരിക്കന്‍ അന്വേഷണോദ്യോഗസ്‌ഥര്‍ക്കുപുറമേ ഇന്ത്യന്‍ അധികൃതരും ഹെഡ്‌ലിയെ ചോദ്യം ചെയ്‌തിരുന്നു. ഇന്ത്യന്‍ അധികൃതരുടെ ഏഴുദിവസത്തെ ചോദ്യം ചെയ്യലില്‍ ഹെഡ്‌ലി നല്‍കിയ തൃപ്‌തികരമായ ഉത്തരങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തിനും ഗുണകരമായിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഹെഡ്‌ലിയെ ഇന്ത്യക്കു െകെമാറാനുള്ള വിദൂരസാധ്യതകള്‍ പോലും നിലനില്‍ക്കുന്നില്ലെന്നും ഷാപിറോ പറഞ്ഞു.