സ്ഫോടനം; ലെബനന്‍ മുന്‍ മന്ത്രിയടക്കം അഞ്ച് മരണം

Webdunia
വെള്ളി, 27 ഡിസം‌ബര്‍ 2013 (16:00 IST)
PRO
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മുന്‍ ധനകാര്യ മന്ത്രി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

2008-2011 കാലഘട്ടത്തില്‍ സഅദ് ഹരീരി മന്ത്രി സഭയില്‍ ധനകാര്യമന്ത്രിയായിരുന്ന മുഹമ്മദ് ചത്താഹിനെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം നടന്നത്. സുന്നി-ഷിയാ പ്രശ്‌നങ്ങളാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഇപ്പോള്‍ കൊല്ലപ്പെട്ട മുഹമ്മദ് ചത്താഹ് സുന്നി വിഭാഗക്കാരനാണ്. 2011ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം മുന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

അക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മധ്യ ബൈറൂട്ടില്‍ പാര്‍ലമെന്റും സര്‍ക്കാര്‍ കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്നിടത്താണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.