സൌന്ദര്യം കൂട്ടാന്‍ ശ്രമിച്ച് വൈരൂപ്യം ഏറ്റുവാങ്ങി!

Webdunia
ബുധന്‍, 8 മെയ് 2013 (17:49 IST)
PRO
PRO
സൌന്ദര്യം വര്‍ധിക്കുമെങ്കില്‍ എത്ര കാശ് മുടക്കാനും എന്ത് ത്യാഗം സഹിക്കാനും എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്താനും തയ്യാറാകുന്ന ചിലരുണ്ട്. അവര്‍ക്ക് ഒരു പാഠമാണ് ഈ സംഭവം. സൌന്ദര്യം വര്‍ധിപ്പിക്കാന്‍ ശ്രമിച്ച് ഒടുവില്‍ വൈകൃതം ഏറ്റുവാങ്ങേണ്ടിവന്ന സ്ത്രീയാണ് ഹാങ് മോയ്കു. കൊറിയന്‍ മോഡലായ മോയ്കു സൌന്ദര്യം കൂട്ടാനായി ഒലീവ് എണ്ണ മുഖത്ത് സ്വയം കുത്തിവയ്ക്കുകയായിരുന്നു. 28 വയസ്സ് മുതലാണ് ഇത് തുടങ്ങിയത്. ഡോക്ടര്‍മാരുടെ അനുവാദത്തോടെ ആയിരുന്നില്ല ഇത് ചെയ്തത്.

പ്ലാസ്റ്റിക് സര്‍ജറി ഒരു ഹരമായിരുന്നു മോയ്കുയ്ക്ക്. ഇവര്‍ക്ക് മനോരോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുക പോലും ചെയ്തു. ഇനി ശസ്ത്രക്രിയ നടത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് അവര്‍ സ്വയം എണ്ണ കുത്തിവയ്ക്കാന്‍ ആരംഭിച്ചത്.

മുഖം വികൃതമായ മോയ്ക്കയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കും സാധിച്ചില്ല.
60 ഗ്രാം സിലിക്കോണും ഭക്ഷ്യ എണ്ണയുമാണ് ഡോക്ടര്‍മാര്‍ ഇവരുടെ മുഖത്ത് നിന്ന് നീക്കിയത്. എന്നാല്‍ സൌന്ദര്യം തിരിച്ചുപിടിക്കാനായില്ല.

മോയ്ക്കയ്ക്ക് ഇന്ന് 50 വയസ്സ് പ്രായമുണ്ട്. ഒരു ഡ്രൈക്ലീനിംഗ് കടയിലാണ് അവര്‍ ജോലി ചെയ്യുന്നത്.