സൂര്യകാന്തി പ്രഭയില്‍ ജാക്സന്‍ സ്മൃതി

Webdunia
വെള്ളി, 25 ജൂണ്‍ 2010 (12:46 IST)
പോപ് രാജാവ് മൈക്കല്‍ ജാക്സന്‍ അന്തരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. ജാക്സന് ഏറെ ഇഷ്ടമുണ്ടായിരുന്ന സൂര്യകാന്തിപ്പൂക്കളുടെ വര്‍ണ പ്രപഞ്ചം സൃഷ്ടിച്ചാണ് ആരാധകര്‍ അദ്ദേഹത്തെ ഓര്‍മ്മിച്ചത്. പ്രശസ്ത പുഷ്പ വിതരണക്കാരായ സണ്‍ഫ്ലവര്‍ഗൈ ഡോട്ട് കോം തണ്ടോടുകൂടിയ 600 സൂര്യകാന്തിപ്പൂക്കളാണ് അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ എത്തിച്ചത്.

കാലിഫോര്‍ണിയയിലെ ഗ്ലെന്‍ഡേലിലുള്ള ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ ജാക്സന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഇപ്പോള്‍ സ്മൃതിമണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നൂറ് മീറ്റര്‍ അകലെയാണ് ജാക്കോ സ്നേഹിച്ചിരുന്ന പൂക്കള്‍ക്ക് സ്ഥാനം ലഭിച്ചത്. 600 സൂര്യകാന്തിപ്പൂക്കള്‍ക്ക് പുറമെ സൂര്യകാന്തിപ്പൂക്കളുടെ 100 ബക്കറ്റും 4,000 റോസാ പുഷ്പങ്ങളും സണ്‍ഫ്ലവര്‍ഗൈ ഡോട്ട് കോം ഇവിടെ എത്തിച്ചിട്ടുണ്ട്.

പോപ് രാജാവിന്റെ ആ‍രാധകര്‍ ആയിരക്കണക്കിന് പുഷ്പങ്ങളും സമ്മാനങ്ങളും അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ അര്‍പ്പിച്ചിട്ടുണ്ട് എങ്കിലും അതൊന്നും അധികമാവില്ല എന്നാണ് സണ്‍ഫ്ലവര്‍ഗൈ ഡോട്ട് കോം അധികൃതര്‍ പറയുന്നത്.