സൂകിയുടെ വിചാരണ അന്തിമഘട്ടത്തില്‍

Webdunia
തിങ്കള്‍, 27 ജൂലൈ 2009 (12:45 IST)
വീട്ടുതടങ്കല്‍ നിയമം ലംഘിച്ച കേസില്‍ മ്യാന്‍മറിലെ പ്രതിപക്ഷ നേതാവ്‌ ആങ്സാന്‍ സൂകിയുടെ വിചാരണ അന്തിമ ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ വക്താവ്‍. കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിച്ച കേസ് അന്തിമ വാദം കേള്‍ക്കാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മ്യാന്‍‌മാര്‍ തലസ്ഥാനമായ യാങ്കൂണിലെ സൈനിക കോടതിയിലാണ് വിചാരണ നടക്കുന്നത്.

വീട്ടു തടങ്കലിലായിരിക്കെ ഒരു അമേരിക്കന്‍ സ്വദേശിയായ ജോണ്‍ വില്യം യെത്ത എന്നയാളെ രണ്ട് ദിവസം വീട്ടില്‍ താമസിപ്പിച്ച കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അഞ്ചു വര്‍ഷം തടവാണ് സൂകിയെ കാത്തിരിക്കുന്നത്. മെയ്‌ പതിനൊന്നിനായിരുന്നു കേസില്‍ വിചാരണ തുടങ്ങിയത്‌. സൂകിക്കെതിരായ 23 പേജ് കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.

രണ്ട്, മൂന്ന് ആഴ്ചകള്‍ക്കകം കേസിന്‍റെ വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് സൂകിയുടെ അഭിഭാഷകന്‍ നിയാന്‍ വിന്‍ പറഞ്ഞു. യെത്ത കുറ്റക്കാരനല്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച വാദത്തില്‍ വ്യക്തമാക്കിയതായാണ് സൂചന. സൂകിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നു എന്ന കുറ്റത്തിന് യെത്തയ്ക്ക് മൂന്ന് മാസം തടവ് ലഭിച്ചേക്കുമെന്നാണ് സൂചന.

സൂകിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസമാദ്യം യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മ്യാന്‍‌മര്‍ സന്ദര്‍ശിച്ചിരുന്നു. സൂകിയുടെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് അവരെ പട്ടാള ഭരണകൂടം വിണ്ടും തടവിലാക്കിയത്. കഴിഞ്ഞ 19 വര്‍ഷത്തിനിടെ 13 വര്‍ഷവും ജയിലായിരുന്നു. 2010ലെ തിരഞ്ഞെടുപ്പ്‌ കഴിയും വരെയെങ്കിലും സൂകിയെ തടവിലിടാനാണ്‌ പട്ടാള ഭരണകൂടം ശ്രമിക്കുന്നത്.