സിറിയക്കെതിരെ സൈനിക നടപടി: ബ്രിട്ടന്റെ നീക്കത്തിന് പാര്‍ലമെന്റില്‍ തിരിച്ചടി

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2013 (11:22 IST)
PRO
PRO
സിറിയക്കെതിരെ സൈനിക നടപടിയെടുക്കാനുള്ള ബ്രിട്ടന്റെ നീക്കത്തിന് തിരിച്ചടി. യുദ്ധത്തിന് അനുമതി തേടിയുളള ബ്രിട്ടീഷ് സര്‍ക്കാറിന്റെ നീക്കത്തിനാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിരിച്ചടി നേരിട്ടത്. ഇതു സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അവതരിപ്പിച്ച പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. അമേരിക്കയേക്കാള്‍ വേഗത്തില്‍ സൈനികാക്രമണത്തിന് മുന്നിട്ടിറങ്ങിയ ബ്രിട്ടീഷ് സര്‍ക്കാറിന് കനത്ത തിരിച്ചടിയായി ഇത്.

പാര്‍ലമെന്റില്‍ നടന്ന വേട്ടെടുപ്പില്‍ സര്‍ക്കാറിന് അനൂകൂലമായ 272 വേട്ടുകള്‍ക്കെതിരെ 285 വോട്ടുകള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. സിറിയയെ നിയമാനുസൃതം അക്രമിക്കാനുളള സര്‍ക്കാറിന്റെ നീക്കമാണ് പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്ന് പാര്‍ലമെന്റിന്റെ വികാരത്തെ ധിക്കരിച്ച് സൈനികാക്രമണത്തിന് മുതിരില്ലെന്ന് പ്രധാനമന്ത്രി കാമറൂണ്‍ പാര്‍ലമെന്റിന് ഉറപ്പ് നല്‍കി.

സിറിയയില്‍ ബ്രിട്ടന്‍ ഒരു തരത്തിലുളള സൈനിക നടപടിക്കും പങ്കാളിയാവുകയില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഫിലിപ്പ് ഹാമോന്‍ഡ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സിറിയക്കെതിരായ സൈനികനീക്കത്തില്‍ പ്രത്യക്ഷ പങ്ക് വഹിക്കാന്‍ ബ്രിട്ടന്‍ ഉണ്ടാവില്ലെന്ന് ഇതോടെ ഉറപ്പായി. അതേസമയം സിറിയന്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ സമീപിക്കാനിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും. സൈനികാക്രമണത്തിന് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങണമെന്ന് 116 അംഗങ്ങള്‍ ഒബാമക്ക് കത്ത് നല്‍കിയിരുന്നു.