സിനിമയിലെ ‘ആചാരപരമായ’ ആത്മഹത്യ രംഗങ്ങള്‍ കണ്ട് ഒരു എട്ട് വയസ്സുകാരന്‍ തൂങ്ങി മരിച്ചു! ബ്രിട്ടണിലാണ് സംഭവം നടന്നത്. മരണത്തിനു കാരണമായത് “ദ ലാസ്റ്റ് സമുറായ്” എന്ന സിനിമയാണ്.
ലൂയിസ് മക്‍ഗ്ലിന്‍ എന്ന കുട്ടിയാണ് ടോം ക്രൂയിസ് അഭിനയിച്ച സിനിമ കണ്ട് ജീവനൊടുക്കിയത്. ജനുവരിയില്‍ നടന്ന സംഭവത്തെ കുറിച്ച് മക്‍ഗ്ലിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വിശദീകരിച്ചു.
താന്‍ അവസാനമായി മകനെ ജീവനോടെ കാണുമ്പോള്‍ അവന്‍ മുറിയില്‍ ഇരുന്ന് ‘ലാസ്റ്റ് സമുറായി’ എന്ന സിനിമ കാണുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് മകന്റെ മുറിയിലെത്തിയപ്പോള്‍ മകന്‍ വാതിലില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. അബോധാവസ്ഥയിലായിരുന്ന മകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നും മഗ്ലിന്റെ പിതാവ് കോടതിയില്‍ പറഞ്ഞു.
ഹാര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ വെല്‍വിന്‍ ഗാര്‍ഡന്‍ സിറ്റിയിലാണ് വീട്ടില്‍ വച്ചാണ് മക്‍ഗ്ലിന്‍ തൂങ്ങി മരിച്ചത്. സിനിമയിലെ രംഗങ്ങള്‍ അനുകരിക്കുന്ന ശീലം തന്റെ മകനുണ്ടായിരുന്നു എന്ന് മക്‍ഗ്ലിന്റെ പിതാവ് കോടതിയില്‍ പറഞ്ഞു.
2003 ല്‍ പുറത്തിറങ്ങിയ ‘ദ ലാസ്റ്റ് സമുറായ്’ എന്ന സിനിമയില്‍ ആചാരപരമായ ‘ഹരാക്കിരി’ ആത്മഹത്യ ചിത്രീകരിച്ചിട്ടുണ്ട്. മാനം രക്ഷിക്കാന്‍ വേണ്ടി സമുറായി യോദ്ധാക്കള്‍ വയറില്‍ കത്തിയോ മറ്റ് മൂര്‍ച്ചയേറിയ ആയുധങ്ങളോ കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്ന രീതിയാണ് ‘സെപ്പുകു’ അഥവാ ‘ഹരാകിരി’.