സര്‍ദാരിക്ക് രഹസ്യ കല്യാണം?

Webdunia
ശനി, 5 ഫെബ്രുവരി 2011 (11:19 IST)
‍‍
PRO
PRO
പാകിസ്ഥാന്‍ പ്രസിഡ്ന്റ് ആസിഫ് അലി സര്‍ദാരി വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ഡോക്ടര്‍ തന്‍‌വീര്‍ സമനിയെ അമേരിക്കയില്‍ വച്ച് സര്‍ദാരി രഹസ്യവിവാഹം ചെയ്തതായാണ് സൂചന.

നാല്‍പ്പതുകാരിയായ സര്‍ദാരിയുടെ ഭാര്യ ബോസ്റ്റണിലാണ് താമസിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് സര്‍ദാരിയുടെ ഓഫീസ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കളങ്കപ്പെടുത്താന്‍ മനപ്പൂര്‍വം കെട്ടിച്ചമച്ച ഒന്നാണിതെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഈ വാര്‍ത്തയെക്കുറിച്ചു താന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്നായിരുന്നു തന്‍‌വീറിന്റെ മറുപടി. എന്നാല്‍, ആരോപണങ്ങള്‍ക്കെതിരെ നിയമത്തിന്റെ വഴി തേടുമെന്നും അവര്‍ പറഞ്ഞു.

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയാണ് സര്‍ദാരിയുടെ ആദ്യ ഭാര്യ. 2007 ഡിസംബര്‍ 27ന് റാവല്‍‌പിണ്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഇവര്‍ വധിക്കപ്പെടുകയായിരുന്നു. ബേനസീറിന്റെ മരണത്തിന് ശേഷമാണ് സര്‍ദാരി പാകിസ്ഥാന്‍ പ്രസിഡ്ന്റായി തിരഞ്ഞെടുക്കപ്പെട്ടത്.