സര്‍ക്കാരില്‍ പങ്കാളിയാകില്ല: ഷരീഫ്

Webdunia
ബുധന്‍, 25 മാര്‍ച്ച് 2009 (14:57 IST)
പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്ന് പിഎംഎല്‍-എന്‍ നേതാവ് നവാസ് ഷരീഫ്. പഞ്ചാബ് പ്രവിശ്യയില്‍ പിപിപിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ഭരണകൂടത്തില്‍ പങ്കാളിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.

ക്യാബിനറ്റില്‍ അംഗമാകാതെ തന്നെ ജനാധിപത്യം പുനസ്ഥാപിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളോട് സഹകരിക്കുമെന്ന് ഷരീഫ് വ്യക്തമാക്കി. പ്രവിശ്യയില്‍ എത്രയും പെട്ടെന്ന് ജനാധിപത്യം പുനസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും സര്‍ദാരി വാക്കുപാലിക്കുമെന്ന കരുതുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഷരീഫിനേയും സഹോദരന്‍ ഷഹബാബ് ഷരീഫിനേയും വിലക്കിയ നടപടി പുന:പരിശോധിക്കണമെന്ന ഹര്‍ജിയില്‍ പാക് സുപ്രീം കോടതി 30ന് വാദം കേള്‍ക്കും. ഫെബ്രുവരി 25നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഷരീഫ് സഹോദരന്‍‌മാര്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്.

വിലക്കിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഷഹബാബ് രാജിവച്ചിരുന്നു. തുടര്‍ന്ന് പ്രവിശ്യയില്‍ സര്‍ദാരി ഗവര്‍ണര്‍ ഭരണത്തിന് ശുപാര്‍ശ ചെയ്തു.