ഷാവേസിനെ ഇല്ലാതാക്കിയത് ‘ശത്രുക്കളോ’?

Webdunia
ബുധന്‍, 6 മാര്‍ച്ച് 2013 (10:57 IST)
PTI
PTI
സാമ്രാജ്യത്വത്തെ നിരന്തരം വിമര്‍ശിച്ച് അമേരിക്കയുടെ കണ്ണിലെ കരടായി തീര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു ഹ്യൂഗോ ഷാവേസ്. രണ്ട് വര്‍ഷം ക്യാന്‍സറിനോട് പൊരുതി അദ്ദേഹം അകാലത്തില്‍ വിടവാങ്ങുമ്പോള്‍ അനിശ്ചിതത്വത്തിലാകുന്നത് വെനസ്വേലന്‍ ജനതയാണ്. ലാറ്റിന്‍ അമേരിക്കന്‍ ഏകീകരണം എന്ന ഷാവേസിന്റെ മോഹവും സാക്ഷാത്കരിക്കപ്പെടാതെ പോകുന്നു.

1954 ല്‍ ഒരു പാവപ്പെട്ട സ്കൂള്‍ അധ്യാപകന്റെ രണ്ടാമത്തെ മകനായി ജനിച്ച ഷാവേസ് 1998ലാണ് വെനസ്വേലയുടെ ഭരണനേതൃത്വം ഏറ്റെടുത്തത്. സാമ്രാജ്യത്വത്തിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ദിശാബോധം നല്‍കിയത് അദ്ദേഹമായിരുന്നു. വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലേറിയതും അധികാരം നിലനിര്‍ത്തിയതും ഷാവേസിന്റെ തന്ത്രങ്ങളിലൂടെയാണ്. മുതലാളിത്ത നയങ്ങളല്ല, മറിച്ച് സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ പട്ടിളിപ്പാവങ്ങളെ രക്ഷിക്കാന്‍ കഴിയൂ എന്നതായിരുന്നു ഷാവേസിന്റെ നിലപാട്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാജ്യമായ വെനസ്വേലയിലെ പെട്രോളിയം കമ്പനികളെ അദ്ദേഹം ദേശസാല്‍ക്കരിച്ചു, ഭക്ഷ്യക്ഷാമത്തെ നേരിടാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു, ജനകീയ സൈന്യം എന്ന സേനാ വിഭാഗം രൂപീകരിച്ചു- ഷാവേസിന്റെ നേട്ടങ്ങള്‍ ഇങ്ങനെ പോകുന്നു.

ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചപ്പോഴും കീമോതെറാപ്പിക്കിടയിലും ഷാവേസ് കര്‍മനിരതനായിരുന്നു. ഷാവേസിന്റെ ക്യാന്‍സര്‍ ബാധ ‘ശത്രുക്കളുടെ ആക്രമണത്തിന്റെ’ ഫലമാണ് എന്നാണ് അദ്ദേഹം മരിക്കുന്നതിന് തൊട്ടുമുമ്പ് വൈസ് പ്രസിഡന്റ് നിക്കോളാസ് മദുരോ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ക്കാന്‍ ശത്രുക്കള്‍ കണ്ടെത്തിയ വഴി, മദുരോ പറഞ്ഞു.

ഒരു പതിറ്റാണ്ടിനിടെ ക്യാന്‍സര്‍ ബാധമൂലം മരണത്തിന് കീഴടങ്ങുന്ന അഞ്ചാമത്തെ ലാറ്റിന്‍ അമേരിക്കന്‍ നേതാവാണ് ഷാവേസ്. ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള നേതാക്കള്‍ ക്യാന്‍സര്‍ ബാധിതരായതിന് പിന്നില്‍ അമേരിക്കയുടെ കരങ്ങള്‍ ആണെന്ന് ഷാവേസ് തന്നെ സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. ക്യാന്‍സര്‍ രോഗം വ്യാപിപ്പിക്കുന്ന സാങ്കേതിക വിദ്യ യുഎസ് വികസിപ്പിച്ചതായി സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ നേതാക്കള്‍ക്കു മാത്രമാണു ക്യാന്‍സര്‍ രോഗം കാണുന്നത് വിചിത്രമായി തോന്നുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷാവേസിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ആശങ്കയിലാണ്. വെനസ്വേല ഷാവേസിന്റെ നഷ്ടം എങ്ങനെ മറികടക്കും എന്ന് ബ്രസീല്‍ മുതല്‍ ക്യൂബ വരെയുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നുണ്ട്. തങ്ങള്‍ക്ക് ദിശാബോധം നല്‍കിയ ഷാവേസ് വിടവാങ്ങിയതിന്റെ ആഘാതത്തിലാണ് ലാറ്റിന്‍ അമേരിക്കയിലെയും കരീബിയയിലെയും ഇടതുപക്ഷ സര്‍ക്കാരുകള്‍.

വെനസ്വേലയിലെ അടുത്ത പ്രസിഡന്റിനെ 30 ദിവസത്തിനകം തെരഞ്ഞെടുക്കണം എന്നാണ്.