വിശ്വപ്രസിദ്ധ ട്രെയിന്‍ കവര്‍ച്ച കേസിലെ പ്രതി അന്തരിച്ചു

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2013 (20:17 IST)
PRO
PRO
ഗ്രേറ്റ് ട്രെയിന്‍ റോബറി എന്ന പേരില്‍ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ കവര്‍ച്ച കേസിലെ പ്രതി റോണി ബിഗ്‌സ്(84) അന്തരിച്ചു.വടക്കന്‍ ലണ്ടനിലെ കാര്‍ട്ടണ്‍ കോര്‍ട്ട് കെയര്‍ ഹോമിലായിരുന്നു അന്ത്യം. 1963 ഓഗസ്റ്റ് എട്ടിനായിരുന്നു ബിഗ്‌സും മറ്റ് പത്തുപേരും അടങ്ങുന്ന സംഘം കുപ്രസിദ്ധമായ ട്രെയിന്‍ കൊള്ള നടത്തിയത്. ഗ്‌ളാസ്‌ഗോയില്‍നിന്നു ലണ്ടനിലേക്കു തപാലുരുപ്പടികളും പണവുമായി പോയ ട്രെയിന്‍ സിഗ്‌നല്‍ തകരാറിലാക്കി തടഞ്ഞ് നിര്‍ത്തി 2.6 മില്യണ്‍ (ഏകദേശം 403 കോടി രൂപ) പൗണ്ട് ട്രെയിനില്‍നിന്നു കവര്‍ന്നു.

കേസില്‍ വൈകാതെ പിടിയിലായ ബിഗ്‌സിനെ 30 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ 1965ല്‍ പതിനഞ്ചു മാസം തടവുശിക്ഷ അനുഭവിച്ച ശേഷം വാണ്ട്‌സ്‌വര്‍ത്ത് ജയിലില്‍നിന്നും തടവുചാടി. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പാരീസിലേക്ക് കടന്ന ബിഗ്‌സ് പിന്നീട് സ്‌പെയിന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളിലും ഒളിവില്‍ കഴിഞ്ഞു. 147,000 പൗണ്ടാണ് (ഏകദേശം14 കോടി രൂപ) മോഷണ വിഹിതമായി തനിക്ക് ലഭിച്ചതെന്ന് 2000ത്തില്‍ ഒരു റേഡിയോ അഭിമുഖത്തില്‍ ബിഗ്‌സ് വെളിപ്പെടുത്തിയിരുന്നു. ധൂര്‍ത്ത് മൂലം പണമെല്ലാം മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെലവായി. മോഷണ ശ്രമത്തിനിടെ ട്രെയിന്‍ ഡ്രൈവറെ ആക്രമിച്ചതിലുള്ള ദുഖവും ബിഗ്‌സ് അറിയിച്ചിരുന്നു.

2001 ല്‍ വൈദ്യസഹായത്തിനായി ബ്രിട്ടണില്‍ മടങ്ങിയെത്തിയ ബിഗ്‌സിനെ അധികൃതര്‍ പിടികൂടി തടവിലാക്കി. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് 2009ല്‍ വിട്ടയച്ചു. നിരവധി തവണ പക്ഷാഘാതം ഉണ്ടായതിനെതുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട ബിഗ്‌സിന് അവസാന കാലത്ത് നടക്കാന്‍ പരസഹായം വേണ്ടിയിരുന്നു.