വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ബോണ്ടിനെതിരെ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (12:13 IST)
PRO
PRO
ബ്രിട്ടന്‍ സന്ദര്‍ശിക്കാനെത്തുന്ന വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ബോണ്ടിനെതിരെ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക് ക്ലെഗ്ഗ്. ബ്രിട്ടനിലെത്തുന്ന വിദേശികളില്‍ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്ന നടപടി തടയാന്‍ ശ്രമിക്കുമെന്ന് നിക് ക്ലെഗ് പറഞ്ഞു. സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങുന്നത് ഇന്ത്യയും നൈജീരിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരില്‍ നിന്ന് മൂവായിരം പൗണ്ടാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കുന്നത്. എന്നാല്‍ ബ്രിട്ടനിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ജനങ്ങളെ ഇങ്ങനെ വേര്‍തിരിച്ചു കാണുന്നതിനോട് യോജിപ്പില്ലെന്ന് നിക് ക്ലെഗ് അറിയിച്ചു.

ഞായറാഴ്ച്ച ബിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിക് ക്ലെഗ് സ്വന്തം നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് ബോണ്ട് വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.