ലോക പ്രശസ്ത ഗായിക ഇറ്റാ ജെയിംസ് അന്തരിച്ചു

Webdunia
ശനി, 21 ജനുവരി 2012 (12:00 IST)
ലോകപ്രശസ്ത ഗായിക ഇറ്റാ ജെയിംസ്(73) അന്തരിച്ചു. യു എസിലെ കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം. രക്താര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍.

ഗ്രാമി പുരസ്കാരമുള്‍പ്പടെ നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ദ ഡ്രീമര്‍‘ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആല്‍ബം. അമേരിക്കന്‍ മാസികയായ റോളിംഗ്‌ സ്റ്റോണിന്റെ എക്കാലത്തേയും മികച്ച നൂറു ഗായികമാരുടെ പട്ടികയില്‍ ഇരുപത്തിരണ്ടാം സ്ഥാനമാണ്‌ ഇവര്‍ക്ക്.

അന്‍പതുകളുടെ മധ്യത്തിലാണ്‌ ഇറ്റാ ജെയിംസ്‌ സംഗീതലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്‌. പതിനാലാം വയസില്‍ ഒരു ഗായകസംഘത്തോടൊപ്പം കരിയര്‍ ആരംഭിച്ച ഇറ്റായുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ആറു തവണ ഗ്രാമി പുരസ്കാരത്തിന് അര്‍ഹയായ ഇറ്റാ 17 തവണ ബ്ലൂസ്‌ മ്യൂസിക്‌ അവാര്‍ഡുകളും നേടി.