ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയുമല്ല; ആയുധം ‘ഗങ്നം സ്റ്റൈല്‍’!

Webdunia
ശനി, 4 മെയ് 2013 (16:50 IST)
PRO
PRO
സമരങ്ങളും പ്രകടനങ്ങളും അക്രമാസക്തമാകുമ്പോള്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിക്കും, കണ്ണീര്‍ വാതകം ഉപയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്യും. എന്നാല്‍ ഇന്തോനേഷ്യയിലെ ഒരു സംഘം വനിതാ പൊലീസ് ഓഫിസര്‍മാര്‍ മറ്റൊരു വ്യത്യസ്തമായ രീതി പരീക്ഷിച്ചുവിജയം കണ്ടു. 2012ല്‍ ലോകം മുഴുവന്‍ ഏറ്റുപാടി ചുവടുവച്ച സൈയുടെ ‘ഗങ്നം സ്റ്റൈല്‍’ ആണ് ഇവര്‍ പ്രയോഗിച്ച ആയുധം.

കിഴക്കന്‍ ജാവയിലെ സുരബയയില്‍ മെയ് ദിനത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധം കനത്തതോടെ 80 ഓളം വരുന്ന വനിതാ ഓഫിസര്‍മാര്‍ നിരന്ന് നിന്ന് കുതിര ഡാന്‍സ് ആരംഭിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ അമ്പരപ്പിലായി. പ്രതിഷേധം തണുത്തു, അവരുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. ചിലര്‍ ഡാന്‍സിനൊത്ത് ചുവടുവയ്ക്കുകയും ചെയ്തു.

അരമണിക്കൂറോളം ഡാന്‍സ് നീണ്ടു. വേതന വര്‍ധനവും ജോലി സ്ഥലത്തെ സൌകര്യങ്ങള്‍ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് 5,000ത്തോളം പേരാണ് പ്രതിഷേധപ്രകടനം നടത്തിയത്.