റൌളിംഗിന് ലീജിയന്‍ ഓഫ് ഹോണര്‍

Webdunia
പാരിസ്. പ്രചാരത്തിലും വി‌ല്‍‌പനയിലും സര്‍വകാല റിക്കോര്‍ഡിട്ട ഹാരി പോട്ടറിന്‍റെ സൃഷ്ടാവിന് ഫ്രഞ്ച് ബഹുമതി. കഴിഞ്ഞ ദിവസം എല്ലിസ് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയാണ് റൌളിംഗിന് ഫ്രാന്‍സിലെ ഉയര്‍ന്ന ബഹുമതിയായ “ലീജിയന്‍ ഓഫ് ഹോണര്‍“ പട്ടം നല്കി ആദരിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ നെപ്പോളിയന്‍ ബോണപാര്‍ട്ടാണ് ഈ അംഗീകാരം തുടങ്ങിവെച്ചത് . ഫ്രാന്‍സിന് പുറത്തുള്ള പ്രശസ്‌തരെ അപൂര്‍വ്വമായി മാത്രമേ ഈ അംഗീകാരത്തിനായി പരിഗണിക്കാറുള്ളു. ബ്രിട്ടന്‍റെ നൈറ്റ് പദവിയ്‌ക്ക് തത്തുല്യമായ അംഗീകാരം കൂടിയാണിത്. റൌളിംഗിന് മുമ്പ് സ്റ്റീഫന്‍ സ്‌പില്‍ബര്‍ഗ് പോലുള്ള അപൂര്‍വ്വം ചില പ്രശസ്‌ത വിദേശികള്‍ക്ക് മാത്രമേ ഈ അംഗീകാരം ലഭിച്ചിട്ടുള്ളു.

1997 ലാ‍ണ് ബ്രിട്ടീഷ് വനിതയായ ജെ.കെ റൌളിംഗ് കൌമാരക്കാരനായ മജീഷ്യന്‍റെ കഥയായ ഹാരിപോട്ടര്‍ എഴുതിയത്. ആദ്യ പുസ്തകം തന്നെ അനുവാചകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഏഴ് ശ്രേണികളായാണ് ഹാരിപോട്ടര്‍ കഥകള്‍ പുറത്തിറങ്ങിയത്.

ലോകമൊട്ടാകെ 400 ദശലക്ഷം പകര്‍പ്പുകളാണ് വിറ്റുപോയത്. 67 ഭാഷകളിലേക്ക് ഈ പുസ്‌തകം വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ഫ്രാന്‍സിലും ബെസ്റ്റ്‌സെല്ലറുകളുടെ കൂട്ടത്തിലാണ് ഹാരിപോട്ടര്‍.