റഷ്യയില്‍ ചാവേറാക്രമണം; പൊലീസുകാര്‍ മരിച്ചു

Webdunia
വെള്ളി, 30 ഏപ്രില്‍ 2010 (10:40 IST)
റഷ്യയില്‍ ആത്മഹത്യാചാവേറുകള്‍ നടത്തിയ കാര്‍ ബോംബാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഡാജെസ്റ്റനിലെ വടക്കന്‍ കോക്കാസസ് മേഖലയിലാണ് ആക്രമണം നടന്നത്. പൊലീസ് ചെക്ക് പോയിന്‍റിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു.

“ലാഡ പ്രയോറിയ ഇനത്തില്‍ പെട്ട വാഹനം പൊലീസ് ചെക്ക് പോയിന്‍റിലെത്തിച്ച് ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. രണ്ടു പൊലീസുകാര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഏഴോളം പേര്‍ക്ക് പരുക്കേറ്റു.” - അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് ഡാജെസ്റ്റനിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ മേഖലയില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന മുസ്ലിം കലാപം അടിച്ചമര്‍ത്തുന്നതില്‍ റഷ്യന്‍ അധികാരികള്‍ പരാജയപ്പെട്ടിരിക്കുകയാണ്.