റഷ്യന്‍ സൈന്യത്തിന്റെ ആയുധശേഷി വര്‍ധിപ്പിക്കും: പുടിന്‍

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2012 (04:40 IST)
പത്തുവര്‍ഷത്തിനകം റഷ്യന്‍ സായുധസേനയുടെ ആയുധശേഷി ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി വ്ലാഡ്മിര്‍ പുടിന്‍. 400 ആധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌ മിസെയിലുകളും നൂറ്‌ സ്പേസ്ക്രാഫ്റ്റുകളും 2,300 ടാങ്കുകളും പുതുതായി ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

റഷ്യന്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി മൊത്തം 76,800 കോടി ഡോളറിന്റെ നവീകരണ പദ്ധതിയാണു തയാറാക്കിയിട്ടുള്ളത്‌. റഷ്യയുടെ സമീപമേഖലകളില്‍ സംഘര്‍ഷം വളര്‍ത്തുന്ന വിദേശശക്തികളെ നിലയ്ക്കു നിര്‍ത്താന്‍ ശക്തമായ സൈന്യം ആവശ്യമാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടി.

മാര്‍ച്ച്‌ നാലിന് നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ പുടിന്‍ മത്സരിക്കുന്നുണ്ട്.‍ തെരഞ്ഞെടുപ്പില്‍ പുടിന്റെ വിജയം ഉറപ്പാണെന്നാണു പൊതുവേ കരുതപ്പെടുന്നത്‌. എന്നാല്‍ അടുത്തയിടെ അദ്ദേഹത്തിനെതിരെ മോസ്കോയിലും പരിസരത്തും പ്രകടനങ്ങള്‍ നടന്നിരുന്നു.