ബൈക്ക് തകരാറായതിനെ തുടര്‍ന്ന് രണ്ട് മിനിറ്റ് വൈകി പരീക്ഷാകേന്ദ്രത്തില്‍ എത്തിയ വിദ്യാര്‍ഥിയെ പരീക്ഷ എഴുതിച്ചില്ല. ചൈനയിലെ നാഷണല്‍ കോളജ് എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥിയെയാണ് അധികൃതര്‍ മടക്കി അയച്ചത്.
കോളജ് എന്‍ട്രന്‍സിന് നാല് പരീക്ഷകള്‍ ആണ് ഉള്ളത്. ഇംഗ്ലിഷ് ആയിരുന്നു അവസാന പരീക്ഷ. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ഈ പരീക്ഷ നിശ്ചയിച്ചിരുന്നത്. 2:45 തന്നെ വിദ്യാര്‍ഥികള്‍ ക്ലാസില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബൈക്ക് തകരാറായതിനെ തുടര്‍ന്ന് ഈ വിദ്യാര്‍ഥി 2:47-നാണ് പരീക്ഷാകേന്ദ്രത്തില്‍ എത്തിയത്. പക്ഷേഗേറ്റ് തുറക്കാന്‍ ഗാര്‍ഡുകള്‍ വിസമ്മതിച്ചു. വിദ്യാര്‍ഥിയുടെ അമ്മ ഗാര്‍ഡുകളോട് കേണ് അപേക്ഷിച്ചെങ്കിലും അവരുടെ മനസ് അലിഞ്ഞില്ല.
രോഷം പൂണ്ട വിദ്യാര്‍ഥി ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചെങ്കിലും ഗാര്‍ഡുകള്‍ അത് തടഞ്ഞു. പരീക്ഷാ ചുമതല വഹിച്ച ഉദ്യോഗസ്ഥര്‍ അവരുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം പ്രതികരിച്ചു.