യെമനില്‍ സര്‍ക്കാര്‍ സേനക്ക് നിര്‍ണ്ണായക മുന്നേറ്റം; ഹുതി വിമതരില്‍ നിന്നും തയിസ് നഗരം പിടിച്ചെടുത്തു

Webdunia
ഞായര്‍, 13 മാര്‍ച്ച് 2016 (04:17 IST)
ആഭ്യന്തര യുദ്ധം നടക്കുന്ന യെമനില്‍ സര്‍ക്കാര്‍ സേനക്ക് നിര്‍ണ്ണായക മുന്നേറ്റം. ഹുതി വിമതരില്‍ നിന്നും തയിസ് നഗരത്തിന്റെ സുപ്രധാന മേഖലകള്‍ സൈന്യം പിടിച്ചെടുത്തു. മാസങ്ങളായി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് സര്‍ക്കാര്‍ അനുകൂല സേന പിടിച്ചെടുത്തത്.
 
തയിസിലേക്ക് ഉള്ള സുപ്രധാന പാതകള്‍ ഹുതികള്‍ മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. സൈന്യത്തിന്റെ പുതിയ നീക്കം ദുരിതം അനുഭവിച്ചിരുന്ന രണ്ട് ലക്ഷത്തോളം വരുന്ന തയീസ് നിവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. തയിസ് നിവാസികള്‍ക്ക് സഹായം എത്തിക്കുന്നതിന് തടസ്സം നില്ക്കുന്ന ഹുതി വിമതരുടെ നടപടിക്ക് എതിരെ രുക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ നേരത്തെ രംഗത്തെത്തിയിരുന്നു. 
 
അതേസമയം, നാല്‍പതോളം വിമതര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന യെമന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 6100 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 
 
അറബ് സഖ്യസേനയും ഹുതികളുമായി നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ക്ക് അയവു വരുത്തുന്നത് സംബന്ധിച്ച് ധാരണയില്‍ എത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി ഹുതി പ്രതിനിധികള്‍ ഇപ്പോഴും സൌദിയില്‍ തുടരുന്നതായാണ് വവരം.