യു കെ:രാജ്ഞി സഹായം ആവശ്യപ്പെട്ടു

Webdunia
ബക്കിംഹാം കൊട്ടാരത്തിന്‍റെ അറ്റകുറ്റ പണികള്‍ക്കായി പ്രതിവര്‍ഷം ഒരു ദശലക്ഷം പൌണ്ട് നല്‍കണമെന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മന്ത്രിസഭയോട് ആവശ്യപ്പെട്ടു.അടിയന്തരമായി അറ്റകുറ്റ പണികള്‍ നടത്താന്‍ കൊട്ടാരത്തിന് മൂന്ന് ദശലക്ഷം പൌണ്ട് ആവശ്യമുണ്ടെന്ന് ദി ഇന്‍ഡിപെന്‍ഡന്‍റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊട്ടാരത്തിന്‍റെ കിഴക്കന്‍ ഭാഗത്ത് ഒരു കൂട്ടം കല്ലുകള്‍ അടുത്തിടെ ഇളകി വീഴുകയുണ്ടാ‍യി.അതേ ദിവസം തന്നെ മറ്റൊരു ഭാഗത്തും കല്ലുകള്‍ ഇളകി വീഴുകയുണ്ടായി.ഇത് കൊട്ടാരത്തിന്‍റെ സുരക്ഷയില്‍ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്.

വിന്‍ഡ്സര്‍ കാസിലിലെ മച്ച്,ഫ്രോഗ് മോറിലെ വിക്ടോറിയയുടെയും ആല്‍ബര്‍ട്ടിന്‍റെയും ശവകുടീരങ്ങള്‍ വിന്‍ഡ്സര്‍ ഗ്രേറ്റ് പാര്‍ക്ക് എന്നിവയ്ക്കും അറ്റകുറ്റ പണികള്‍ നടത്തേണ്ടതുണ്ട്.സാംസ്കാരിക,മാധ്യമ, കായിക വകുപ്പില്‍ നിന്നും രാജ്ഞിക്ക് പ്രതിവര്‍ഷം 15 ദശലക്ഷം ഡോളര്‍ ലഭിക്കുന്നുണ്ട്.

എന്നാല്‍, ഇത് 1991ല്‍ നിശ്ചയിച്ച തുകയാണെന്നും പിന്നീട് ഇതില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.ചാള്‍സ് രാജകുമാരന്‍റെ വരുമാനം ഒരു ദശലക്ഷം പൌണ്ട് വര്‍ദ്ധിച്ച് 15 ദശലക്ഷം പൌണ്ടായതായി വെളിപ്പെട്ട ആഴ്ചയില്‍ തന്നെയാണ് കൂടുതല്‍ സഹായം വേണമെന്ന ആവശ്യം കൊട്ടാരത്തില്‍ നിന്നുണ്ടായിരിക്കുന്നത്.