യു എസ്: എഡ്വേര്‍ഡ്സ് പിന്‍വാങ്ങും

Webdunia
വ്യാഴം, 31 ജനുവരി 2008 (10:12 IST)
അമേരിക്കയില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആകാനുള്ള മത്സരത്തില്‍ നിന്ന് ഡെമോക്രാറ്റ് കക്ഷിയിലെ ജോണ്‍ എഡ്വാര്‍ഡ്സ് പിന്‍‌മാറുമെന്ന് സൂചന. പ്രാഥമിക തെരഞ്ഞെടുപ്പുകളില്‍ മിക്കതിലും മികച്ച പ്രകടനം നടത്താന്‍ എഡ്വര്‍ഡ്സിന് കഴിഞ്ഞിരുന്നില്ല. ഡെമോക്രാറ്റ് കക്ഷിയിലെ മറ്റ് പ്രസിഡന്‍റ് സ്ഥാനര്‍ത്ഥിപദ മോഹികളായ ഹിലാരി ക്ലിന്‍റണും ബരാക് ഒബാമയുമാണ് പ്രാഥമിക തെരഞ്ഞെടുപ്പുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്.

മുന്‍ സെനറ്ററും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന എഡ്വാര്‍ഡ്സ് പ്രസിഡന്‍റ് പദ തെരഞ്ഞെടുപ്പുകളില്‍ നിന്ന് പിന്‍‌വാങ്ങാനുള്ള തന്‍റെ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.എന്നാല്‍, ഹിലാരിക്കോ ഒബാമയ്ക്കോ പിന്തുണ നല്‍കുന്നതിനെ കുറിച്ച് അദ്ദേഹം സൂചനകളൊന്നും നല്‍കിയിട്ടില്ല.

പ്രാഥമിക തെരഞ്ഞെടുപ്പ് നടന്ന അയോവയില്‍ എഡ്വാര്‍ഡ്സ് ഒബാമയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞിരുന്നുള്ളൂ.

ഇടത്തരക്കാരുടെ സ്ഥാനാര്‍ത്ഥിയെന്നാണ് എഡ്വാര്‍ഡ്സ് അറിയപ്പെട്ടിരുന്നത്. ഈ വര്‍ഷം നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ ്.