യു എന്‍ സംഘം ഉ. കൊറിയയില്‍

Webdunia
ആണവ റിയാക്ടര്‍ അടച്ചു പൂട്ടുന്നത് നിരീക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത് സംഘം ഉത്തരകൊറിയയിലെത്തി.

ആറംഗ സംഘമാണ് പുതുതായി എത്തിയിട്ടുളളത്. റിയാക്ടര്‍ അടച്ചു പൂട്ടുന്നത് നിരീക്ഷിക്കാന്‍ ജൂലൈ 12 ന് എത്തിയ ആദ്യ സംഘത്തിന് പകരമാണ് പുതിയ സംഘം എത്തിയിട്ടുള്ളത്. ഉത്തരകൊറിയയുടെ മുഖ്യ ആണവ റിയാക്ടറായ യോങ്ബ്യോങ് അടച്ചുപൂട്ടുന്നതിനാണ് സംഘം മേല്‍നോട്ടം വഹിക്കുക.

പുതിയ സംഘം രണ്ടാഴ്ച ഉത്തരകൊറിയയില്‍ ഉണ്ടായിരിക്കുമെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന റിസാര്‍ഡ് സരുകി പറഞ്ഞു. ആദ്യ സംഘത്തിന്‍റേതില്‍ നിന്ന് വ്യത്യസ്തമാകുമോ പുതിയ സംഘത്തിന്‍റെ ദൌത്യം എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

ഇതിനകം അടച്ച് പൂട്ടിയ ആണവ കേന്ദ്രത്തിലെ ഭാഗങ്ങളില്‍ പുതിയ സംഘം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മുദ്ര പതിപ്പിക്കും. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും മേല്‍നോട്ടം വഹിക്കും.