യാസര്‍ അറഫാത്തിനെ കൊന്നത് വിഷം നല്‍കി

Webdunia
വ്യാഴം, 7 നവം‌ബര്‍ 2013 (10:09 IST)
PRO
പലസ്തീന്‍ വിമോചന നായകന്‍ യാസര്‍ അറഫാത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.

2004 നവംബര്‍ 14ന് പാരീസിലെ സൈനിക ആശുപത്രിയിലാണ് അറഫാത്ത് അന്തരിച്ചത്. രണ്ട് വര്‍ഷത്തോളം അറഫാത്തിന്റെ റാമള്ളയിലെ വസതി വലയം ചെയ്തിരുന്ന ഇസ്രയേല്‍ സേന ഒക്ടോബറോടെയാണ് പിന്‍വലിഞ്ഞത്. ഒക്ടോബര്‍ 12ന് വൈകിട്ട് ഭക്ഷണം കഴിച്ചയുടന്‍ ഛര്‍ദ്ദിക്കുകയും വയറ് വേദനയുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് അറഫാത്ത് ചികില്‍സ തേടിയിരുന്നു.

ആരോഗ്യ നില വഷളായതോടെ വിദഗ്ധ ചികില്‍സയ്ക്ക് ജോര്‍ദാനിലേക്കും പിന്നീട് പാരീസിലെ സൈനിക ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് പലസ്തീന്‍ നേതാക്കളും ജനതയും ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് ഫൊറന്‍സിക് റിപ്പോര്‍ട്ട് ശക്തിപകര്‍ന്നിരിക്കുകയാണ്.

അറഫാത്തിനെ വിഷം നല്‍കി കൊന്നത് സംശയാതീതമായി തെളിഞ്ഞതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഡേവ് ബാര്‍ക്ലേ പറഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിശോധനയില്‍ വാരിയെല്ലുകളിലും അടക്കം ചെയ്ത മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ശരീരാവശിഷ്ടങ്ങളിലും അണുവികിരണ മൂലകമായ പൊളോണിയത്തിന്റെ അംശം വളരെ കൂടിയ നിലയില്‍ കണ്ടെത്തിയതായിട്ടുണ്ട്.

സാധാരണ കണ്ടുവരുന്നതിനേക്കാള്‍ 18 മുതല്‍ 36 മടങ്ങ് വരെ അധികമാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളില്‍ കണ്ടെത്തിയ പൊളോണിയത്തിന്റെ അളവ്. 108 പേജ് വരുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം അറഫാത്തിന്റെ വിധവ സുഹറയ്ക്ക് കൈമാറി. ഇനി അദ്ദേഹത്തിന്റെ കൊലയാളികളെയാണ് കണ്ടെത്താനുള്ളതെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഡേവ് ബാര്‍ക്ല പറഞ്ഞു.