മുന്താദറിന് മൂന്നുവര്‍ഷം തടവ്

Webdunia
വ്യാഴം, 12 മാര്‍ച്ച് 2009 (18:41 IST)
ഇറാഖില്‍ വിടവാങ്ങല്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ജോര്‍ജ്‌ ബുഷിനു നേരെ ഷൂ എറിഞ്ഞ കേസിലെ പ്രതി മുന്താദര്‍ അല്‍‌സെയ്ദിയ്ക്ക് മൂന്നുവര്‍ഷം തടവ്. കഴിഞ്ഞ ഡിസംബര്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലികിയോടൊപ്പം മാധ്യമസമ്മേളനം നടത്തുന്നതിനിടെയാണ് മുന്താദര്‍ ബുഷിന് നേരെ ഷൂ എറിഞ്ഞത്.

അസഭ്യം പറഞ്ഞുകൊണ്ടാണ് മുന്താദര്‍ തന്‍റെ രണ്ട് ഷൂസും ബുഷിന് നേരെ വലിച്ചെറിഞ്ഞത്. ഒഴിഞ്ഞുമാറിയതിനാല്‍ ഏറ് കൊണ്ടില്ല. സംഭവത്തെ തുടര്‍ന്ന് മുന്താദറിനെ സംഭവസ്ഥലത്തുവച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

“ഏതൊരു ഇറാഖി പൌരനും ചെയ്യുന്നതേ ഞാന്‍ ചെയ്തിട്ടുള്ളൂ, എന്‍റേത് ഒരു സ്വാഭാവിക പ്രതികരണം മാത്രമാണ് ” എന്നാണ് സംഭവത്തെ കുറിച്ച് കോടതിയില്‍ ഇയാള്‍ പ്രതികരിച്ചത്.

സംഭവത്തിനു ശേഷം മുന്താദറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. ബുഷിനോടുള്ള ഇറാഖിന്‍റെ വികാരം പരസ്യമായി പ്രകടിപ്പിച്ച മുന്താദറിനെ ഇറാഖില്‍ വീര യോദ്ധാവായാണ് വിശേഷിപ്പിക്കപ്പെടുന്നത്.